
ശിവഗിരി: ഗുരുത്വമില്ലാതായാൽ ഏതൊരാളുടെയും ജീവിതം പരാജയമാകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘത്തിന്റെ 97-ാമത് വാർഷികത്തോടനുബന്ധിച്ച് ശാരദാ മഠത്തിൽ ചേർന്ന ഗുരുദേവ ശിഷ്യ പരമ്പര സ്മൃതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവ ഭക്തർക്ക് ഗുരുദേവ ശിഷ്യ പരമ്പരയുണ്ട്. അവരുടെ മാർഗ്ഗനിർദ്ദേശം സ്വീകരിച്ച് മുന്നേറിയാൽ ജീവിത വിജയം ഉറപ്പാക്കാനാവും. ഗുരുദേവൻ ഉപദേശിച്ച പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിന്റെ ഉന്നതിക്കായി പലകാര്യങ്ങളും
ഗുരുശിഷ്യന്മാർ നടപ്പിലാക്കിയിരുന്നുവെന്ന് ആമുഖ പ്രഭാഷണം നടത്തിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. സാമൂഹിക സേവനരംഗത്തും വിദ്യാഭ്യാസ ആതുരശുശ്രൂഷാ മേഖലകളിലും സേവനങ്ങൾ സമർപ്പിക്കാൻ പല ശിഷ്യന്മാർക്കും കഴിഞ്ഞിട്ടുണ്ട്. രാമാനന്ദസ്വാമിയും ശ്രീനാരായണതീർത്ഥർ സ്വാമികളും വിദ്യാഭ്യാസരംഗത്തും സംഘടനാരംഗത്തും ഒട്ടേറെ സേവനങ്ങൾ കാഴ്ച വച്ചിരുന്നുവെന്നും
സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ശിവലിംഗദാസസ്വാമി, ബോധാനന്ദസ്വാമി, നരസിംഹസ്വാമി, ആനന്ദതീർത്ഥർ, നടരാജഗുരു, സ്വാമി സിശ്ചലാനന്ദ, സ്വാമി ശ്രീനാരായണതീർത്ഥർ, വൈരവൻശാന്തി എന്നിവരെ സന്യാസിശ്രേഷ്ഠർ അനുസ്മരിച്ച് പ്രഭാഷണങ്ങൾ നടത്തി. സന്യാസിമാരുടെ സമാധിസ്ഥാനങ്ങളിൽ നടന്ന പ്രാർത്ഥനയിൽ സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി അദ്വൈതാനന്ദതീർത്ഥ, സ്വാമി വിരജാനന്ദഗിരി, ബ്രഹ്മചാരിമാർ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: ശ്രീനാരായണ ധർമ്മസംഘത്തിന്റെ 97-ാമത് വാർഷികത്തോടനുബന്ധിച്ച് സംഘം രജിസ്ട്രേഷൻ ദിനാചരണത്തിന്റെ ഭാഗമായി ശാരദാമഠത്തിൽ നടന്ന ഗുരുദേവശിഷ്യ പരമ്പര സ്മൃതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സ്വാമി സച്ചിദാനന്ദ സംസാരിക്കുന്നു.