
വർക്കല: കേരളത്തിലെ ഏറ്റവും മികച്ച ശുചിത്വനഗരത്തിനുള്ള സ്വച്ഛ് ഭാരത് സർവേഷൻ അവാർഡ് ഡൽഹി ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ വർക്കല നഗരസഭയ്ക്ക് സമ്മാനിച്ചു. രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയിൽ ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് വർക്കല നഗരസഭ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ശുചീകരണം, മാലിന്യ ശേഖരണം,തരം തിരിക്കൽ,സംസ്കരണം തുടങ്ങിയവയിൽ നഗരസഭ കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് (അർബൻ ആൻഡ് റൂറൽ) സെക്രട്ടറി മനോജ് ജോഷിയിൽ നിന്ന് വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ,നഗരസഭ സെക്രട്ടറി ഡി.വി.സനൽ കുമാർ,ക്ലീൻ സിറ്റി മാനേജർ പ്രകാശ്, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസന്നകുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.