msthil-edinja-niael

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഗ്യാരേജിന്റെ മതിൽ അപകടാവസ്ഥയിലായിട്ട് നാളുകളായി.

ദേശീയ പാതയോരത്ത് ബസ് സ്റ്റാൻഡിനും ഗ്യാരേജിനും ഇടയിലുള്ള കരിങ്കൽ മതിലാണ് നിരവധിയിടങ്ങളിൽ വിള്ളൽ വീണു അപകടാവസ്ഥയിൽ തുടരുന്നത്. 50 മീറ്ററിലധികം ദൂരമുള്ള മതിലിലും മതിലിനോടു ചേർന്നും അരയാൽ അടക്കം ഒരു ഡസനിലധികം പാഴ്മരങ്ങൾ വളർന്ന് നിൽക്കുകയാണിപ്പോൾ. ഇതിൽ ചിലത് മതിലിന്റെ മുകളിൽ തന്നെയാണ് വളരുന്നത്. മതിലിൽ നിലവിൽ അഞ്ചോളം ഇടങ്ങളിൽ വലുതും ചെറുതുമായ വിള്ളലുകളും ഉണ്ട്. ദേശീയ പാതയിൽ മതിൽ തുടങ്ങുന്ന സ്ഥലത്ത് അരയാൽ വളർന്ന് മീറ്ററുകളോളം മതിൽ വർഷങ്ങൾക്ക് മുമ്പ് പൂർണമായും ഇടിഞ്ഞുകഴിഞ്ഞു.

 അപകടവും ഉറപ്പ്

മതിലിനോടു ചേർന്നുള്ള ഗ്രാമം റോഡിന്റെ ഒരു വശത്ത് നിലവിൽ ടാക്സി സ്റ്റാൻഡും മറുവശത്ത് ഓട്ടോ സ്റ്റാൻഡുമാണിപ്പോൾ. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ഇറങ്ങുന്ന യാത്രക്കാർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഉപയോഗിക്കുന്ന കുറുക്കുവഴിയും ഇതുതന്നെ. ഈ റോഡിന്റെ വഴിയിൽ നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങൾക്കും പുറമേ നിരവധി പേരുടെ വഴിവാണിഭവും നടക്കുന്നു. രാവും പകലും തിരക്കുള്ള ഇടറോഡിലെ മതിൽ അപകടാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലന്ന് ആക്ഷേപമുണ്ട്.

 മോഷണ സാദ്ധ്യതയും

രാത്രികാലങ്ങളിൽ ഈ മേഖലയിൽ ഗ്യാരേജിനുള്ളിലും പുറത്തും ഇരുട്ടാണ്. മതിൽ തകർന്ന സ്ഥലത്തുകൂടി ആർക്കും കെ.എസ്.ആർ.ടി.സി ഗ്യാരേജിനുള്ളിൽ കയറാമെന്ന നിലയാണിപ്പോൾ. വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി ഇട്ടിരിക്കുന്ന സ്ഥലമായതിനാൽ മോഷണ സാദ്ധ്യതയുമേറെയാണ്. മതിൽ തകർന്ന സ്ഥലത്ത് താത്കാലികമായി ഷീറ്റുകൊണ്ട് മറയ്ക്കാൻ പോലും അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

പ്രതികരണം: ലക്ഷങ്ങൾ വിലയുള്ള യന്ത്രസാമഗ്രഹികളും വാഹനങ്ങൾക്കും സുരക്ഷിതത്വം നൽകുവാനും ഗ്രാമം റോഡിലെ വാഹങ്ങൾക്കും യാത്രക്കാർക്കും സംരക്ഷണം നൽകാനും അധികൃതർ നടപടി സ്വീകരിക്കണം.

പി.വി. ജോയി, ഡി.സി.സി അംഗം, ആറ്റിങ്ങൽ