p

തിരുവനന്തപുരം: കാലാവസ്ഥവ്യതിയാനം മൂലം കാർഷികവിളകൾ നശിക്കുന്നതുൾപ്പെടെയുള്ള പ്രതിസന്ധിക്ക് പരിഹാരം ഉറപ്പാക്കുന്ന 2375 കോടി രൂപയുടെ 'കേര"പദ്ധതി ഏപ്രിലിൽ നടപ്പിൽ വരും.

കാർഷിക മേഖലയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. കാർഷിക രംഗത്തുണ്ടാകുന്ന വെല്ലുവിളികളെ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെയാവും ചെറുക്കുക. ലോകബാങ്ക് അംഗീകരിച്ച പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ വേഗത കൈവരുമെന്നാണ് പ്രതീക്ഷ.


റീബിൾഡ് കേരളയുടെ ഭാഗമായി ആരംഭിക്കുന്ന കേരള കാർഷിക കാലാവസ്ഥ പ്രതിരോധ മൂല്യവർദ്ധിത ശൃഖലാനവീകരണ പദ്ധതി (കേര ) അഞ്ചുവർഷം കൊണ്ട് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാർ വിഹിതമായ 708 കോടിയും ലോകബാങ്ക് സഹായമായ 1667 കോടിയും ചേർത്ത് 2375 കോടി രൂപയുടെ പദ്ധതി നടപ്പിലാകുന്നതോടെ കാർഷിക മേഖലയിൽ സംസ്ഥാനം നേരിടുന്ന വലിയൊരു പ്രശ്‌നത്തിനാണ് പരിഹരമാകുന്നത് .

കാലാവസ്ഥാ പ്രതിരോധം, കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധനയും വാണിജ്യ വത്‌കരണവും വിവരസാങ്കേതിക വിദ്യയുടെ ഉപഭോഗം, കാർബൺ ബഹിർഗമനം കുറയ്ക്കുന്ന കൃഷി രീതികൾ, ജലത്തിന്റെ ഫലപ്രദമായ ഉപഭോഗം, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികൾ അവലംബിച്ച് കൃഷിയിലും അനുബന്ധ മേഖലയിലും നിക്ഷേപം നടത്താൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാലാവസ്ഥ പ്രതിരോധം
അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കാൻ അഗ്രോ എക്കോളജിക്കൽ യൂണിറ്റുകൾ കേന്ദ്രീകരിച്ച് പദ്ധതികൾ നടപ്പാക്കും. കാലാവസ്ഥയുമായി താദാമ്യമുള്ള യൂണിറ്റുകളാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി പാക്കേജ് ഓഫ് പ്രാക്ടീസ് നടപ്പിലാക്കും. കർഷകർക്ക് മെച്ചപ്പെട്ട കാലാവസ്ഥ പ്രതിരോധ സേവനവും മുന്നറിയിപ്പുകളും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കും. കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധനവിനും വാണിജ്യ വത്കരണത്തിനും പദ്ധതികൾ നടപ്പാക്കും.

കാർഷിക വ്യവസായത്തിന് കൈത്താങ്ങ്
കാർഷിക മേഖലയുമായി ബന്ധപ്പെടുന്ന സൂക്ഷ്‌മ,ചെറുകിട,ഇടത്തരം, സംരംഭങ്ങൾ (എം.എസ്.എം.ഇ), അഗ്രി സ്റ്റാർട്ട് അപ്പുകൾ, ഇൻകുബേഷൻ സെന്ററുകൾ, അഗ്രിപാർക്കുകൾ, അഗ്രി ബിസിനസുകൾ എന്നിവ നടപ്പാകും. ഇതിനായി പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റും ആരംഭിക്കും.

തോട്ടവിളകളുടെ പ്രോത്സാഹനം
റബർ, ഏലം,കാപ്പി തുടങ്ങിയ തോട്ടവിളകളുടെ പ്രോത്സാഹനത്തിന് സഹായം ലഭ്യമാക്കും.


ഫണ്ട് വിനിയോഗം

കൃഷി - 1384 കോടി
വ്യവസായം - 485 കോടി
തോട്ടവിള -476 കോടി
വിവരസാങ്കേതിക വിദ്യയുടെ വിനിയോഗം- 66 കോടി

കാർഷിക മേഖല അഭിമുഖീകരിക്കുന്ന കാലാവസ്ഥ അധിഷ്ഠിതമായ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും

പി.പ്രസാദ്
കൃഷി മന്ത്രി