തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഏകാദശി ദിവസം തിരുവമ്പാടി ശ്രീകൃഷ്ണനെ മോഹിനി അലങ്കാരം ചാർത്തുന്ന ചടങ്ങ് ചരിത്രത്തിലാദ്യമായി മുടങ്ങി. കളഭവും കലശവും ഇല്ലാത്ത ഏകാദശിക്കാണ് തിരുവമ്പാടി കൃഷ്ണന് ചന്ദനത്തിൽ മോഹിനീ അലങ്കാരം ചാർത്തുന്നത്. ഇത് കാണാൻ വൻ ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ഇത്തവണ കൃഷ്ണന്റെ മോഹിനീ രൂപം കാണാനെത്തിയവർക്ക് നിരാശയായിരുന്നു ഫലം. ശ്രീപദ്‌മനാഭൻ കഴിഞ്ഞാൽ ക്ഷേത്രത്തിൽ പ്രാധാന്യമുള്ളത് തിരുമ്പാടി കൃഷ്ണനും നരസിംഹ സ്വാമിക്കുമാണ്.

ആവശ്യത്തിന് ചന്ദനമില്ലാതിരുന്നതാണ് മോഹിനീ അലങ്കാരം മുടങ്ങാൻ കാരണമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ആവശ്യമായ ചന്ദനം അരയ്‌ക്കേണ്ടത് കീഴ്‌ശാന്തിമാരാണ്. ഇതിന് അവരെ ചുമതലപ്പെടുത്തുന്നത് മേൽശാന്തിമാരായ നമ്പിമാരാണ്.കുറച്ച് വർഷങ്ങളായി ചന്ദനം അരയ്ക്കുന്നത് യന്ത്രത്തിലാണ്. എന്നാൽ ഏകാദശി ദിനത്തിന് തൊട്ടുമുമ്പ് യന്ത്രം സർവീസിനായി നൽകി. അതിനാൽ ചന്ദനം നേരത്തേ അരച്ചുസൂക്ഷിച്ചു. എന്നാൽ ഇത് പര്യാപ്തമായില്ല.

ക്ഷേത്രത്തിൽ കൈകൊണ്ട് ചന്ദനം അരയ്ക്കാറുണ്ട്. മോഹിനീ അലങ്കാരം ചാർത്താനുള്ള ചന്ദനം തികയില്ലെന്ന് വ്യക്തമായിട്ടും ഇക്കാര്യം നമ്പിമാരെ അറിയിക്കാനോ കൈകൊണ്ട് ചന്ദനം അരച്ചെടുക്കാനുള്ള നടപടി സ്വീകരിക്കാനോ കീഴ്‌ശാന്തിമാർ തയ്യാറായില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ക്ഷേത്ര ശ്രീകാര്യക്കാരൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്.റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കുമെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് പറഞ്ഞു. അല്പശി ഉത്സവത്തിന് കൊടിയേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ കയറിയത് വിവാദമായിരുന്നു. തുടർന്ന് അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ മണ്ണുനീർ കോരൽ ചടങ്ങുകൾ ഉൾപ്പെടെ വീണ്ടും നടത്തുകയായിരുന്നു.