തിരുവനന്തപുരം: സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഏകീകൃത നിരക്ക് നിശ്ചയിച്ച് നഗരസഭ തയ്യാറാക്കിയ അന്തിമ നിയമാവലി പാസാക്കി. പാർക്കിംഗ് നിരക്ക് കുറയ്ക്കുന്നതിനൊപ്പം വാഹന ഉടമകൾക്ക് സൗകര്യവും ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നാണ് വിലയിരുത്തുന്നത്. ഇന്നലെ നടന്ന കൗൺസിലിലാണ് പാസാക്കിയത്. ഇനി സർക്കാർ അംഗീകരിച്ച് വിജ്ഞാപനമിറക്കും.

അടിസ്ഥാന സൗകര്യമില്ലെങ്കിൽ പൂട്ട് വീഴും

പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ഏതെങ്കിലും കെട്ടിടസമുച്ചയത്തോടു ചേർന്നാണെങ്കിൽ കേരള മുനിസിപ്പൽ കെട്ടിട ചട്ടപ്രകാരം നിർദ്ദിഷ്ട ഏരിയായിൽ സൗജന്യമായി പാർക്കിംഗ് അനുവദിക്കണമെന്ന് നിയമാവലിയിൽ പറയുന്നു. എല്ലാ പാർക്കിംഗ് കേന്ദ്രങ്ങളും നഗരസഭയുടെ ലൈസൻസ് നേടിയിരിക്കണം. 3000 രൂപയാണ് വാർഷിക ഫീസ്. ഇല്ലാത്തവയ്ക്ക് പൂട്ട് വീഴും.

കേന്ദ്രങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം.

ഇവിടെയെത്തുന്നവർക്ക് ടോയ്‌ലെറ്റ് സൗകര്യമൊരുക്കണം.

വാഹനങ്ങളുടെ ഉത്തരവാദിത്വം പാർക്കിംഗ് കേന്ദ്രങ്ങൾക്കാണ്. സുരക്ഷയ്ക്കായി ജീവനക്കാരെ നിയോഗിക്കണം. ഇവർക്ക് തിരിച്ചറിയൽ കാർഡ് നൽകണം.

വാഹനത്തിന്റെ വിശദാംശം,സമയം എന്നിവ രേഖപ്പെടുത്തണം.ഇതിന്റെ രസീതും ഉപഭോക്താവിന് നൽകണം.

ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ 10,000 രൂപ പിഴയീടാക്കും. സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യും. നഗരസഭ ടൗൺപ്ളാനിംഗ് കമ്മിറ്റിക്കാണ് മേൽനോട്ടച്ചുമതല.

രണ്ട് സോണുകൾ

രണ്ട് സോണുകളായി തിരിച്ചാണ് പാർക്കിംഗ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.കോവളം,ശംഖുംമുഖം,ആക്കുളം,വേളി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ. ചാല,പാളയം തുടങ്ങിയ വ്യാപാരകേന്ദ്രങ്ങൾ.ശ്രീപദ്മനാഭ സ്വാമിക്ഷേത്രം എന്നിവയാണ് സോൺ 1ൽ. 10, 16 മീറ്ററിൽ കൂടുതൽ വീതിയുള്ള റോഡിൽ നിന്ന് പ്രവേശന മാർഗമുള്ള പാർക്കിംഗ് കേന്ദ്രങ്ങളും ഈ വിഭാഗത്തിലാണ്. സോൺ ഒന്നിൽ ഉൾപ്പെടാത്ത എല്ലാ കേന്ദ്രങ്ങളും സോൺ രണ്ടിലാണ്. മേൽക്കൂരയുള്ളവ, ഇല്ലാത്തവ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

പുതുക്കിയ നിരക്കുകൾ


● സോൺ 1നിരക്ക്

വാഹനം, മേൽക്കൂരയുള്ളത് ആദ്യ 4 മണിക്കൂർ,

മേൽക്കൂരയില്ലാത്തത് ആദ്യ 4 മണിക്കൂർ
സ്കൂട്ടർ: 12-8
ഓട്ടോ: 15-10
കാർ: 25-15
വലിയ കാർ: 30-20
മിനി വാൻ: 35-25
മിനി ബസ് : 50-30
ബസ്, ലോറി: 80-50
വലിയ ട്രക്ക്: 120-90

●സോൺ 2

വാഹനം, മേൽക്കൂരയുള്ളത് ആദ്യ 4 മണിക്കൂർ,

മേൽക്കൂരയില്ലാത്തത് ആദ്യ 4 മണിക്കൂർ

സ്കൂട്ടർ: 10-5
ഓട്ടോ: 15-8
കാർ: 20-10
വലിയ കാർ: 25-15
മിനി വാൻ: 30-20
മിനി ബസ്: 40-25
ബസ്, ലോറി: 50-40
വലിയ ട്രക്ക്: 100-70