
പാറശാല: വിദേശത്തെ ജോലിതേടി ഏജന്റ് മുഖേന മുംബയിലെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.
സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പാറശാല പൊലീസിൽ പരാതി നൽകി.
പാറശാല വന്യക്കോട് കോട്ടവിള വീട്ടിൽ കൂലിപ്പണിക്കാരനായ രാജൻ-ശാന്തി ദമ്പതികളുടെ മകൻ രാഹു (21) ലാണ് മരിച്ചത്.കുഴിത്തുറയിലെ ഒരു സ്ഥാപനത്തിന്റെ നിർദേശാനുസരണം ഞായറാഴ്ച രാവിലെയാണ് രാഹുൽ മുംബയിലേക്ക് തിരിച്ചത്. മുംബയിൽ എത്തിയ രാഹുലിനോട് രാത്രി വൈകിയും വീട്ടുകാർ സംസാരിച്ചിരുന്നു.എന്നാൽ, ചൊവ്വാഴ്ച രാവിലെ സി.ബി.ഡി-ബേലാപ്പൂരിലെ നാലുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദുബായിൽ കപ്പലിലെ ജോലിക്കായി ഏജന്റ് മുഖേന അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. തുടർന്നാണ് മുംബയിൽ എത്തിയത്. ഏജന്റുമായി തർക്കങ്ങൾ നടന്നതായി കൂടെ ഉണ്ടായിരുന്നവർ പറയുന്നു. നിർധന കുടുംബത്തിലെ അംഗമാണ് രാഹുൽ. നാട്ടിലെ പലരിൽ നിന്നുമായി കടംവാങ്ങിയ കാശുമായിട്ടാണ് മുംബയിലെത്തിയത്. ബന്ധുക്കൾ മുംബയിലെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിച്ച് ഇന്നലെ സംസ്കരിച്ചു. സഹോദരി ശാലിനി.
ഫോട്ടോ: രാഹുൽ