നെടുമങ്ങാട്: അധിനിവേശ വൃക്ഷങ്ങൾ നീക്കം ചെയ്ത് നിത്യഹരിത വനങ്ങൾ പുനഃസൃഷ്ടിക്കാനുള്ള സർക്കാർ തീരുമാനം തലസ്ഥാന ജില്ലയിൽ എങ്ങുമെത്തിയില്ല. 800 ഹെക്ടർ പ്രദേശത്ത് അക്കേഷ്യയും മാഞ്ചിയവും മുറിച്ചു മാറ്റി പകരം ഫലവൃക്ഷങ്ങളും വനവൃക്ഷങ്ങളും വേരോടിക്കാനായിരുന്നു തീരുമാനം. അഞ്ച് വർഷത്തിനകം അക്കേഷ്യയും മാഞ്ചിയവും പൂർണമായി നീക്കം ചെയ്യുമെന്ന ഉറപ്പുമായി 2021 ൽ ആരംഭിച്ച നടപടികളാണ് ഇപ്പോഴും ഇഴയുന്നത്. ജില്ലയിലെ വനഭൂമിയുടെ ഏറിയഭാഗവും ഉൾക്കൊള്ളുന്ന നെടുമങ്ങാട് താലൂക്കിൽ പേപ്പാറ, പരുത്തിപ്പള്ളി, പാലോട്, കുളത്തൂപ്പുഴ റേഞ്ചുകളിലായി 21,000 ഹെക്ടർ ചോലക്കാടുകൾ അക്കേഷ്യക്കും മാഞ്ചിയത്തിനും വഴിമാറിയപ്പോൾ, ഇവ മുറിച്ചുനീക്കുന്ന ജോലികൾ ചുരുക്കം സെക്ഷനുകളിൽ ഒതുക്കി. ഇതിനൊപ്പം, അടിക്കാടുകൾ നശിച്ചുപോകുന്നുവെന്ന കാരണത്താൽ തുടക്കംകുറിച്ച മഞ്ഞക്കൊന്ന അപ് റൂട്ടിംഗും ബാർക്കിംഗും മറ്റു മേഖലകളിൽ തകൃതിയായി മുന്നേറുന്നുണ്ട്. അക്കേഷ്യയ്ക്കും മാഞ്ചിയത്തിനും 'അദൃശ്യകവചം" തീർക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
**തീറ്റ തേടി വന്യജീവികൾ ...
ജൈവ സസ്യങ്ങളും വന്യജീവികളും നിറഞ്ഞ നെടുമങ്ങാട് മേഖലയിലെ സ്വാഭാവിക വനങ്ങളെല്ലാം വിദേശ വൃക്ഷങ്ങളുടെ പ്ലാന്റേഷനുകൾക്ക് വഴിമാറിയിട്ട് ഒന്നര പതിറ്റാണ്ടായി. ഓരോ വർഷവും ചെലവിടുന്നത് കോടിക്കണക്കിന് രൂപയാണ്. ഇവയുടെ ഇലകൾ വീണ് ജലാംശം നഷ്ടപ്പെട്ട് അടിക്കാടുകൾ വൻ തോതിൽ നശിക്കുന്നുണ്ട്. ഈറ്റയിലയും കാട്ടുപഴങ്ങളും അവറ്റകൾക്ക് അന്യമായി. ചതുപ്പ് നിലങ്ങളിലെ നീരുറവകൾ അപ്രത്യക്ഷമായി. വന്യജീവികൾ കൂട്ടത്തോടെ ജനവാസ മേഖലകളിൽ താവളമുറപ്പിച്ചു.
 അക്കേഷ്യ പൂവിൽ നിന്നുള്ള പരാഗരേണുക്കൾ ശ്വാസകോശ രോഗങ്ങളുടെ വിളനിലമാണ്. ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലം അനുഭവിക്കുന്നത് വനാതിർത്തിയിലെ ജനങ്ങളാണ്.
 'വനദീപ്തി പദ്ധതിയിലെ മരങ്ങൾ
തദ്ദേശീയ വൃക്ഷങ്ങൾ...പ്ലാവ്, മാവ്, പേര, ഞാവൽ, ഇലഞ്ഞി, അമ്പഴം, നെല്ലി, ആഞ്ഞ, കശുമാവ്
പൂമരങ്ങൾ......... കണിക്കൊന്ന, മണിമരുത്,ചമത,മന്ദാരം,ചെമ്പകം
മറ്റ് മരങ്ങൾ........ വേപ്പ്, കുമ്പിൾ, കാഞ്ഞിരം, ചന്ദനം, ആൽ, കൂവളം,താന്നി,മരോട്ടി
**തല്ലിക്കൊഴിച്ച 'വനദീപ്തി"
വനദീപ്തി എന്ന പദ്ധതിയാണ് തല്ലിക്കൊഴിച്ചത്. ഭരതന്നൂർ സെക്ഷനിലെ ഇളമ്പറക്കോട് മേഖലയിൽ മാത്രം ഇത് നടപ്പിലാക്കി. 48 വ്യത്യസ്ത ഇനങ്ങളിലെ ഫലവൃക്ഷങ്ങൾ നിറഞ്ഞ വനദീപ്തി പ്ലാന്റേഷൻ അഞ്ച് വർഷത്തിലേറെയായി പരിപാലിക്കപ്പെടുന്നുണ്ട്. ഇതര സെക്ഷനുകളും ഈ മാതൃക ഏറ്റെടുത്തിരുന്നുവെങ്കിൽ നഴ്‌സറി പരിചരണത്തിലും പ്ലാന്റേഷൻ സംരക്ഷണത്തിലും നൂറുകണക്കിനാളുകൾക്ക് തൊഴിൽ ലഭിച്ചേനെ. ജലദൗർലഭ്യത്തിനും വന്യജീവി ആക്രമണത്തിനും കൃഷിനാശത്തിനും പരിഹാരവുമായേനെ.