തിരുവനന്തപുരം: മറ്റുള്ളവരെ ഭയപ്പെടുത്തുകയെന്നത് ഭീരുക്കളുടെ ലക്ഷണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഹിറ്റ്ലറും, സ്റ്റാലിനും ഉൾപ്പെടെയുള്ള ഏകാധിപതികൾ ഭീരുക്കളായിരുന്നെന്നാണ് ചരിത്രം രേഖപ്പെടുത്തിത്. നിർഭയരായി ജീവിക്കാൻ അവസരമൊരുക്കുകയാണ് ജനാധിപത്യ രാജ്യത്തിന്റെ പ്രത്യേകത. അതിന് തടസം നിൽക്കുന്ന സംവിധാനം ഇപ്പോഴുണ്ടെങ്കിലും അതിനെ അതിജീവിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാച്ചല്ലൂർ സുകുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാലിനെയും ഹിറ്റ്ലറെയും ഒരേ അച്ചുതണ്ടിൽപ്പെടുത്തുന്നത് അനുചിതമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ മന്ത്രി സി. ദിവാകരൻ പറഞ്ഞു. ഹിറ്റ്ലറുടെ കൊള്ളരുതായ്മകളെ ചെറുത്ത ഭരണാധികാരിയാണ് സ്റ്റാലിനെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സത്യം കുഴിച്ചുമൂടപ്പെടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച കവിയും പത്രപ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു അഭിപ്രായപ്പെട്ടു. സമഗ്ര സംഭാവനയ്ക്കുള്ള പാച്ചല്ലൂർ സുകുമാരൻ അവാർഡ് ഡോ.എം.ആർ.തമ്പാന് വി.ഡി.സതീശൻ നൽകി. 25,​000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. യുവ എഴുത്തുകാർക്കുള്ള അവാർഡും വിദ്യാഭ്യാസ അവാർഡും സി.ദിവാകരൻ വിതരണം ചെയ്തു. ഡോ.ഉഷാ രാജാവാര്യർ,​ അജിത് പാവംകോട്, എം.എസ്.വിലാസൻ, പാച്ചല്ലൂർ സുനിൽ, ഗീത് മൽഹാർ എന്നിവർ സംസാരിച്ചു.