k

തിരുവനന്തപുരം: നിറങ്ങളാൽ വർണാഭമായിരുന്ന വിൻസെന്റിന്റെ ജീവിതം പെട്ടെന്നാണ് ഇരുട്ടിലായത്. ലോകമറിയുന്ന ചിത്രകാനാകണമെന്നായിരുന്നു വിൻസെന്റിന്റെ ആഗ്രഹം. ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വിൻസെന്റിന് ഹൃദ്രോഗത്തിനുള്ള മരുന്നുനൽകി. തെറ്റായ ചികിത്സ കൊണ്ടെത്തിച്ചത് ആശുപത്രിക്കിടക്കയിൽ. 20 വ‌ർഷം കോമയ്ക്ക് തുല്യമായ അവസ്ഥയിൽ. ചികിത്സിക്കാത്ത ഡോക്ടർമാരില്ല. ഇടയ്ക്ക് ഓർമ്മവരുമെങ്കിലും പരസഹായമില്ലാതെ അനങ്ങാനാകാത്ത അവസ്ഥ. എന്നാൽ അവിടെ നിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്ന അദ്ദേഹം തന്റെ സ്വപ്നത്തിലേയ്ക്കുള്ള യാത്ര പുനഃരാരംഭിച്ചു. കോമയ്ക്ക് മുമ്പും ശേഷവും വരച്ച ചിത്രങ്ങൾ കൂട്ടിയിണക്കി വൈലോപ്പിള്ളി സംസ്കൃതിഭവനിൽ ചിത്ര പ്രദർശനമൊരുക്കിയിരിക്കുകയാണ് ഈ 66കാരൻ. വൻ തിരക്കാണ് ഓരോ ദിവസവും പ്രദർശനവേദിയിൽ അനുഭവപ്പെടുന്നത്.

യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളസാഹിത്യത്തിൽ ഡിഗ്രി പൂർത്തിയാക്കിയ വിൻസെന്റ് 1988ൽ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബിരുദമെടുത്തു. വൈകാതെ വിമലയെ ജീവിതസഖിയാക്കി. മൂന്ന് വർഷത്തിന് ശേഷമാണ് അപ്രതീക്ഷിതമായ ദുരന്തം വിൻസെന്റിനെ തകർത്തത്. ഏറെ സ്നേഹിച്ച ബ്രഷും ക്യാൻവാസും പിടിക്കാൻ പോലും കഴിയാത്ത അവസ്ഥ. തോൽവി സമ്മതിക്കുന്നതിന് മുമ്പ് ശാസ്തമംഗലത്തെ ആയുർവേദ വൈദ്യനെ കണ്ടത് വഴിത്തിരവായി. 2014ൽ പതിയെ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

തുടർന്ന് 2016ൽ വീണ്ടും ഫൈൻ ആർട്സിൽ എം.എഫ്.എയ്ക്ക് ചേർന്നു. അവിടെ നിന്ന് വീണ്ടും വരയുടെ ലോകത്തേക്ക്. വീട്ടുപരിസരത്ത് കലയെ ഗ്രാമങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആനന്ദ കലാകേന്ദ്രം എന്ന സ്ഥാപനം നടത്തിവരികയാണ് കാഞ്ഞിരംകുളം സ്വദേശിയായ വിൻസെന്റ്. രോഗത്തിന് മുമ്പ് വരച്ച ആശുപത്രിക്കിടക്കയിലെ ചിത്രത്തിൽ ആത്മകഥാംശമുണ്ട്. 2020ൽ ലളിതകലാ അക്കാഡമി അവാ‌ർഡ് നേടി. സുഹൃത്തും ലീഫ് ആർട് പ്രോജക്ട്സ് ഡയറക്ടറുമായ ഡോ. എസ്.എം.രഞ്ജുവാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർ.

പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കുന്ന ചിത്രം വരച്ചിട്ടുണ്ട്. ജീവിതത്തിന്റെ നൈമിഷികതയാണ് ചിത്രങ്ങളുടെ പ്രമേയം.

വിൻസെന്റ്