തിരുവനന്തപുരം: എൽ.പി.ജി സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയിലെ ഒരു സിലിണ്ടറിൽനിന്ന് ഗ്യാസ് ചോർന്നു. ഇന്നലെ രാവിലെ ഈഞ്ചയ്ക്കൽ ജംഗ്ഷനിലാണ് സംഭവം. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി വാഹനം സമീപത്തെ ഒഴിഞ്ഞയിടത്തേക്ക് മാറ്റി. തുടർന്ന് വെള്ളം ചീറ്റി തണുപ്പിച്ചശേഷം ചോർന്ന സിലിണ്ടർ പുറത്തെടുത്തു.

ശ്രീകണ്‌ഠേശ്വരത്ത് വീട്ടിലെ ഗ്യാസ് സ്റ്റൗവിന്റെ ട്യൂബിൽനിന്ന് ഗ്യാസ് ചോർന്ന് തീ പടർന്ന് സ്റ്റൗ കത്തിനശിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി സിലിണ്ടർ വീടിന് പുറത്തെത്തിച്ച് അപകടം ഒഴിവാക്കി. ഇരുസംഭവങ്ങളിലും ആളപായമില്ല.

ചാക്ക അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ, സീനിയർ റെസ്‌ക്യൂ ഓഫീസർ ജി.വി. രാജേഷ്, എ.എസ്. ശരത്, സനൽകുമാർ, അൻസീം, സുരേഷ് കുമാർ, പി. ആകാശ്, ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.