തിരുവനന്തപുരം: ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെൽത്തിലെ മെഡിക്കൽ സംഘം. കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിലൊന്നാണിതെന്ന് അധികൃതർ അറിയിച്ചു. ജനിച്ച് പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞിന് ബാധിച്ച മഞ്ഞപ്പിത്തം മൂർച്ഛിച്ചു. മൂന്ന് മാസം പ്രായമായപ്പോഴേക്കും ആരോഗ്യാവസ്ഥ കൂടുതൽ വഷളായി. ഇതോടെയാണ് വിദഗ്ദ്ധ ചികിത്സ തേടിയത്.

പരിശോധനയിൽ കരളിൽനിന്ന് പിത്താശയത്തിലേക്ക് പിത്തരസമെത്തിക്കുന്ന നാഡികളിൽ തടസം സൃഷ്ടിക്കുന്ന ബൈലിയറി അട്രീസിയ ബാധിച്ചതായി കണ്ടെത്തി. ലോകത്ത് 70,000 നവജാത ശിശുക്കളിൽ ഒരാൾക്ക് മാത്രമുണ്ടാകുന്ന അപൂർവ രോഗമാണിത്. കുഞ്ഞിന്റെ അമ്മയാണ് കരൾ ദാനം ചെയ്തത്.

പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അശോക് കുമാർ ജി.എമ്മിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ കരൾ മാറ്റിവച്ചത്. സുഖം പ്രാപിച്ച കുഞ്ഞ് ഒരു മാസത്തിനു ശേഷം ഡിസ്ചാർജായി.
ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ, ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കെ.എസ്.ഹെപറ്റോബൈലറി, പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്‌പ്ളാന്റ് സർജറി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ശ്രീജിത്ത്. എസ്, ഡോ.വർഗീസ് എൽദോ, അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ.ഹാഷിർ. എ, ഡോ. ഹരികുമാർ.ജി, നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. നവീൻ ജെയിൻ, പീഡിയാട്രിക്‌സ് വിഭാഗം ഡോ.ഷിജു കുമാർ എന്നിവരും ചികിത്സയുടെ ഭാഗമായി.