തിരുവനന്തപുരം : പേട്ട കല്ലുംമൂട് ശ്രീ പഞ്ചമിദേവി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം നാളെ (13) മുതൽ 19 വരെ നടക്കും. നാളെരാവിലെ 10നും 11നും മദ്ധ്യേ തന്ത്രി കണ്ടിയൂർ നീലമന ഇല്ലത്ത് പ്രശാന്ത് ജി നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും.വൈകിട്ട് 7ന് സാംസ്‌കാരിക സമ്മേളനവും പഞ്ചമിദേവി പുരസ്‌കാര സമർപ്പണവും മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് സി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.അമ്പതിനായിരം രൂപയും ആർട്ടിസ്റ്റ് ദേവദാസ് രൂപകല്പനചെയ്ത വാഗ്‌ദേവതയുടെ ശില്പവും പ്രശംസാപത്രവുമടങ്ങുന്ന പഞ്ചമിദേവി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിക്ക് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സമ്മാനിക്കും. മുൻമന്ത്രി പന്തളം സുധാകരൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥപതി ഡോ.കെ. മുരളീധരൻ നായർ, ഗാനനിരൂപകൻ ടി.പി. ശാസ്തമംഗലം, ബിഗ്‌ബോസ് ഫെയിം ശോഭാ വിശ്വനാഥ്, കൗൺസിലർ പി.കെ. ഗോപകുമാർ എന്നിവർ പങ്കെടുക്കും.14ന് രാത്രി 7ന് കോഴിക്കോട് തിറയാട്ടുകലാസമിതി അവതരിപ്പിക്കുന്ന പഞ്ചുരുളിതെയ്യം.16ന് രാത്രി 8ന് ദുർഗാദേവിയും വാരാഹി പഞ്ചമിദേവിയും ദേശക്കാഴ്ചയ്ക്കായി എഴുന്നള്ളും. 17ന് വൈകിട്ട് 5ന് കോടാലിപ്പുര ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, രാത്രി 8ന് പള്ളിവേട്ട എഴുന്നള്ളത്ത്.
18ന് രാവിലെ 9.30ന് പൊങ്കാല,12ന് പൊങ്കാല നിവേദ്യം, 4ന് ആറാട്ട് എഴുന്നള്ളത്ത്,രാത്രി 7.30ന് വാരാഹിപഞ്ചമിദേവി നടയിൽ നടക്കുന്ന വലിയഗുരുതിയോടെ ഉത്സവം സമാപിക്കും. അഞ്ചാം ഉത്സവംവരെ ശ്രീപഞ്ചമിദേവിഹാളിൽ ഉത്സവസദ്യ ഉണ്ടായിരിക്കും.