കിളിമാനൂർ: സംസ്ഥാന ബഡ്ജറ്റിൽ വിലയിരുത്തിയ രണ്ടരക്കോടി രൂപ ചെലവിൽ തട്ടത്തുമല ജംഗ്ഷനിലെ മേൽപ്പാലം നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒന്നര വർഷങ്ങൾക്ക് മുൻപ് പണി പൂർത്തിയാക്കാനുള്ള തുടർനടപടികൾ സ്വീകരിച്ചുവരവേ സ്വകാര്യ ഭൂവുടമകൾ തർക്കം ഉന്നയിച്ചതിനെ തുടർന്ന് പണി തടസപ്പെട്ടിരുന്നു. സംസ്ഥാനപാതയിലെ തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് തട്ടത്തുമല. വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ ദിവസേന സഞ്ചരിക്കുന്ന ഈ റോഡിൽ അപകടങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ദിവസം റിട്ട. അദ്ധ്യാപിക റോഡ് മുറിച്ച് കടക്കവെ ബൈക്ക് തട്ടി മരണപ്പെട്ടിരുന്നു. അപകടങ്ങൾ തുടർക്കഥയായപ്പോൾ മേൽപ്പാലം വേണമെന്ന ആവശ്യം ഉയർന്നതിനെത്തുടർന്നാണ് പഴയകുന്നുമ്മേൽ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടതും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അടിയന്തരയോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടി മേൽപ്പാല നിർമ്മാണം ത്വരിതപ്പെടുത്താൻ തീരുമാനിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,പഞ്ചായത്ത് അംഗങ്ങളായ പി.ഹരീഷ്,ചെറുനാരകംകോഡ് ജോണി,എസ്.ദീപ,അജീഷ് ജി.എൽ,ശ്യാം നാഥ് എസ്,അജ്മൽ എൻ.എസ്,ഷീജ സുബൈർ,പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ അരവിന്ദ്,അസിസ്റ്റന്റ് എൻജിനീയർ സുബോധ്,തട്ടത്തുമല എച്ച്.എസ്.എസ് പി.ടി .എ പ്രസിഡന്റ് കെ.ജി.ബിജു,മുൻ ബ്ലോക്ക് പഞ്ചായത്തംഗം എസ്.യഹിയ തുടങ്ങിയവർ പങ്കെടുത്തു.