
മലയിൻകീഴ് : കാൽനട യാത്രപോലും അസാദ്ധ്യമായ ഗാന്ധിനഗർ - നാഗമണ്ഡലം ബണ്ട് റോഡ് തകർന്ന് വെള്ളക്കെട്ടായി തീർന്നിട്ട് വർഷങ്ങളായി. മലയിൻകീഴ് പഞ്ചായത്തിലുൾപ്പെട്ട ബ്ലോക്ക്നട ഗാന്ധിനഗർ നാഗമണ്ഡലവുമായി ബന്ധിപ്പിക്കുന്നതിന് പുറമെ പ്രദേശവാസികളുടെ ഏക ആശ്രയമാണ് ഈ റോഡ്. കാറുൾപ്പെടെയുള്ള വാഹനങ്ങൾ പോയിരുന്ന ഈ റോഡിലൂടെയിപ്പോൾ ഇരുചക്രവാഹനങ്ങൾക്കു പോലും പോകാനാവാത്ത സ്ഥിതിയാണ്. മഴയെത്തുടർന്ന് ബണ്ടിടിഞ്ഞ് തകർന്ന് ടാറിംഗെല്ലാം ഇളകി കാൽനട പോലും ദുഃസഹമാണ്. ഇരുചക്രവാഹനങ്ങളുടെ ശ്രദ്ധ അല്പമൊന്ന് തെറ്റിയാൽ അണപ്പാട് - മച്ചേൽ തോട്ടിൽ പതിക്കും. പ്രധാന റോഡിലെത്താനും ഈ ബണ്ട് റോഡിനെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. ബണ്ട് റോഡ് യാത്ര ദുരിതത്തിലായിട്ട് ഒരു വർഷം പിന്നിട്ടു. ബ്ലോക്ക് നട റസിഡന്റ്സ് അസോസിയേഷൻ ബണ്ട് റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് മലയിൻകീഴ് പഞ്ചായത്തിലും വാർഡ് അംഗത്തിനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
പ്രതികരണം : 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മൈനർ ഇറിഗേഷൻ ചീഫ് എൻജിനിയർക്ക് നൽകിയിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ബണ്ട് റോഡ് ടാറിംഗിംന് പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കുന്നതിന് ശ്രമിക്കും.
എം.ജി.സുരേന്ദ്രകുമാർ (സുര)
ബ്ലോക്ക് ഓഫീസ് വാർഡ് അംഗം