
പൂവാർ: കാഞ്ഞിരംകുളത്ത് ഫുട്പാത്ത് കൈയേറ്റം വ്യാപകമായതോടെ വാഹന ഗതാഗതം തടസപ്പെടുന്നതായി നാട്ടുകാർ. കാഞ്ഞിരംകുളം പുല്ലുവിള റോഡിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇവിടെ കാൽനടയാത്ര പോലും ദുസ്സഹമാണ്. അപകടങ്ങളും പതിവാകുന്നു. പരിഹാരം തേടി അധികൃതർക്ക് പരാതികൾ നല്കിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. കാഞ്ഞിരംകുളം ജംഗ്ഷൻ മുതൽ നെടിയകാല വരെയുള്ള റോഡിന്റെ ഇരുവശത്തെയും ഫുട്പാത്തുകൾ പൊതുജനത്തിന് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിലാണ് കൈയേറ്റം. സോമില്ലുകളിലേക്കുള്ള തടികൾ, ഇലക്ട്രിക് പോസ്റ്റുകൾ, അനധികൃത പാർക്കിംഗ് എന്നിവയാണ് പ്രധാന മാർഗതടസങ്ങൾ.
അപകടകരമായ രീതിയിൽ അടുക്കി വച്ചിട്ടുള്ള ഭീമാകാരൻ തടികൾ മില്ലുകൾക്ക് മുന്നിലും റോഡിനിരുവശങ്ങളിലുമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചിതലരിച്ചതും ദ്രവിച്ചതുമായ തടികൾ ഇക്കൂട്ടത്തിലുണ്ട്. പൊതുനിരത്തിൽ പൊതു ജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തടികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി പരാതികൾ പൊലീസിനും പഞ്ചായത്തിനും നൽകിയിട്ട് നടപടികൾ മാത്രമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഉപയോഗശൂന്യമായതും മിച്ചം വന്നതുമായ ഇലക്ട്രിക് പോസ്റ്റുകൾ വഴിയരികിൽ അലക്ഷ്യമായി ഉപേക്ഷിച്ചത് ഉപദ്രവമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ ഇലക്ട്രിസിറ്റി ഓഫീസർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. അനധികൃത പാർക്കിംഗും പ്രദേശത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്നു. കടകളുടെ മുൻവശം ഫുട്പാത്തിലേക്ക് ഇറക്കിവച്ച് കച്ചവടം നടത്തുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
 എഡ്യൂക്കേഷണൽ ഹബ്
കാഞ്ഞിരംകുളമിന്ന് തിരുവനന്തപുരം ജില്ലയുടെ എഡ്യൂക്കേഷണൽ ഹബായി മാറിയിരിക്കുകയാണ്. ഇവിടെ പ്രവർത്തിക്കുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ കുഞ്ഞുകൃഷ്ണൻ നാടാർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് സെൽഫ് ഫിനാൻസിംഗ് കോളേജ്, ജവഹർ സെൻട്രൽ സ്കൂൾ, സ്പാർക്ക് ലേണിംഗ്സ് കോച്ചിംഗ് സെന്റർ തുടങ്ങിയവ പ്രവർത്തിക്കുന്നത് കാഞ്ഞിരംകുളം പുല്ലുവിള റോഡിലാണ്. സർക്കാർ ഓഫീസുകളായ പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, അങ്കണവാടികൾ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു.
 ജീവന് ഭീഷണി
കേരളത്തിലെ ആദ്യത്തെ സിദ്ധ മർമ്മ ആശുപത്രി, അനുപമ ആശുപത്രി, യുവജന സംഘം, നവഭാരത് ലൈബ്രറി ആൻഡ് റീഡിംഗ് സെന്ററുകൾ, അക്ഷയ സെന്ററുകൾ, കാരുണ്യ പ്രയർ ഹാൾ, നിരവധി ആരാധനാലയങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. ദിവസവും ആയിരക്കണക്കിന് വിദ്യാർത്ഥികളുൾപ്പെടെ അനേകമാളുകൾ ഈ റോഡിലൂടെ കടന്ന് പോകുന്നു. അവരുടെ ജീവന് ഭീഷണി ഉയർത്തുന്ന തടികളും ഇലക്ട്രിക് പോസ്റ്റുകളും അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരണം
അപകടം സൃഷ്ടിക്കുന്ന തടികളും ഇലക്ട്രിക് പോസ്റ്റും റോഡ് വക്കിൽ നിന്നും എടുത്ത് മാറ്റാൻ അടിയന്തര നടപടിയാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി, കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
കരുംകുളം രാധാകൃഷ്ണൻ
ചെയർമാൻ,
സന്തോഷ് ഗ്രെയ്സൺ
ജനറൽ കൺവീനർ
കാഞ്ഞിരംകുളം ജനകീയ സമിതി