-k

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളായി ഇൻഡോറും സൂററ്റുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരുലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ തുടർച്ചയായി ഇത് ഏഴാം തവണയാണ് ഇൻഡോർ കേന്ദ്ര സർക്കാർ നൽകുന്ന സ്വച്ഛ് സർവേക്ഷൺ അവാർഡിന് അർഹമാകുന്നത്. 2016ൽ ഈ അവാർഡ് ആദ്യമായി ഏർപ്പെടുത്തിയപ്പോൾ ഇൻഡോർ 25-ാം സ്ഥാനത്തായിരുന്നു. എങ്ങനെയാണ് ഈ നഗരം ശുചിത്വപരിപാലനത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം ഇപ്പോൾ നിലനിറുത്തുന്നത് എന്നത് ഇന്ത്യയിലെ തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങൾ നോക്കിക്കണ്ട് പഠിക്കേണ്ടതാണ്. പൗരന്മാരുടെ പ്രതികരണം, അതാത് സ്ഥലങ്ങളിൽ പോയി നേരിട്ട് നടത്തുന്ന നിർണയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അവാർഡ് നൽകുന്നത്. നഗര ശുചീകരണം സംസ്ഥാന സർക്കാരിന്റെ ചുമതലയിൽ വരുന്നതാണ്. ശുചിയായി സൂക്ഷിക്കണമെങ്കിൽ മാലിന്യ ശേഖരണവും സംസ്‌‌കരണവും കുറ്റമറ്റ രീതിയിൽ നടക്കണം. മാലിന്യം നഗരസഭാധികൃതർ എത്രതവണ ശേഖരിക്കുന്നു എന്നത് സംബന്ധിച്ചാണ് പ്രധാനമായും പൗരന്മാരിൽ നിന്ന് പ്രതികരണം തേടുന്നത്. ഇൻഡോറിൽ മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും വ്യക്തമായ സംവിധാനമുണ്ട്. അത് ഫലപ്രദമായും വിട്ടുവീഴ്ചയില്ലാതെയും അവർ നടത്തിക്കൊണ്ട് പോകുന്നു. ഇതിന് നഗരവാസികളിൽ നിന്നും ഫീസും ഈടാക്കുന്നു. വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അധികൃതർ കാട്ടുന്നില്ലെന്ന് ഉറപ്പായപ്പോൾ ജനങ്ങളും നഗരം വൃത്തിയായി സൂക്ഷിക്കാൻ ആത്മാർത്ഥമായി സഹകരിക്കാൻ തുടങ്ങി. അങ്ങനെ ഇൻഡോറിൽ ശുചിത്വം ഒരു സമൂഹത്തിന്റെ സംസ്കാരമായി മാറി. ഇതാണ് ഇൻഡോറിനെ തുടർച്ചയായി ഒന്നാം സ്ഥാനത്ത് നിലനിറുത്തുന്നത്. സ്വകാര്യ കരാറുകാരല്ല ഇൻഡോറിൽ മാലിന്യം ശേഖരിക്കുന്നത്. നഗരസഭ നേരിട്ടാണ് എല്ലാം ചെയ്യുന്നത്. സ്രോതസ്സിൽ തന്നെ മാലിന്യം പല തട്ടുകളായി വേർതിരിച്ചാണ് ശേഖരിക്കുന്നത്. വീട്ടുകാർ തന്നെയാണ് ഈ വേർതിരിക്കൽ നടത്തുന്നത്. അങ്ങനെ വേർതിരിക്കാതെ നനഞ്ഞതും ഉണങ്ങിയതുമെല്ലാം കൂട്ടിയിട്ട് അഥവാ വീട്ടുകാർ നൽകിയാൽ അത് നഗരസഭാ ജവനക്കാർ സ്വീകരിക്കില്ല. ജനപങ്കാളിത്തത്തോടെ നടത്തുന്ന ഈ ശുചിത്വ പരിപാലനമാണ് ഇൻഡോറിന്റെ വിജയരഹസ്യം. തുടക്കത്തിൽ ഇൻഡോറിലും ഒട്ടേറെ എതിർപ്പുകൾ ഉണ്ടായിരുന്നു. ഓരോ അഞ്ഞൂറ് മീറ്ററിലും മൂവായിരം ഡസ്റ്റുബിനുകൾ സ്ഥാപിച്ചപ്പോൾ റോഡ് വൃത്തിയാക്കുന്ന 1200 പേർക്ക് ജോലി നഷ്ടപ്പെട്ടത് സമരത്തിനിടയാക്കി. ഇതിൽ 1000 പേരെ നഗരസഭ തന്നെ മാലിന്യം ശേഖരിക്കാനായി നിയോഗിച്ചു. ഇപ്പോൾ ഓരോ ദിവസവും നഗരത്തിൽ നിന്നും 692 ടൺ നനഞ്ഞ മാലിന്യവും 683 ടൺ ഉണങ്ങിയ മാലിന്യവും 179 ടൺ പ്ളാസ്റ്റിക് വേസ്‌റ്റും ശേഖരിക്കപ്പെടുന്നു. ഇതിനായി പ്രത്യേകം സജ്ജമാക്കിയ എണ്ണൂറ്റമ്പതോളം വാഹനങ്ങൾ ഉപയോഗിക്കുന്നു. ഇതെല്ലാം സംസ്ക്കരിക്കുന്നതിനും ആധുനികമായ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നനഞ്ഞ മാലിന്യം സംസ്കരിച്ച് വളമാക്കി വിൽക്കുന്നു. റോഡിൽ മാലിന്യം വലിച്ചെറിഞ്ഞാലോ തുപ്പിയാലോ 250 മുതൽ 500 രൂപ വരെ ഫൈനും ഏർപ്പെടുത്തി. നമ്മുടെ മറ്റ് നഗരങ്ങളിലും മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും വേണ്ട രീതിയിൽ സംസ്കരിക്കപ്പെടുന്നില്ല. നമ്മുടെ നാട്ടിൽ നഗരസഭ ചെയ്യേണ്ട ജോലി വേണ്ടരീതിയിൽ ചെയ്യാതെ ഫൈൻ ഏർപ്പെടുത്തിയിട്ടുമുണ്ട്. ശുചിത്വ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം 22 ആണ്. നഗരങ്ങളിൽ ആലപ്പുഴയും ഒരുലക്ഷത്തിനു താഴെയുള്ള പട്ടണങ്ങളിൽ വർക്കലയുമാണ് മുന്നിൽ. 500നുള്ളിൽ വന്ന കേരളത്തിലെ നഗരങ്ങളിൽ ആലപ്പുഴ 320 ഉം തിരുവനന്തപുരം 321 ഉം നമ്പരുകളിൽ വരുന്നു. കേരളവും വേണമെന്ന് വിചാരിച്ചാൽ 22-ാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തെത്താൻ രണ്ട് വർഷം മതി. പക്ഷേ അങ്ങനെ വിചാരിക്കണം. അല്ലെങ്കിൽ ബ്രഹ്മപുരങ്ങൾ ഇവിടെ ആവർത്തിച്ചുകൊണ്ടിരിക്കും.