amol-balasahib-shinde

നേമം: മേലാറന്നൂരിൽ നിന്ന് വീട്ടമ്മയുടെ സ്വർണമാല കവർന്നയാളെ കരമന പൊലീസും ഷാഡോ ടീമും ഉൾപ്പെട്ട സംഘം പെരുമ്പാവൂരിൽ നിന്ന് പിടികൂടി. മഹാരാഷ്ട്ര ജസ്വന്ത് നഗർ സ്വദേശി അമോൽ ബാലസാഹിബ് ഷിൻഡെയാണ് (32) ഇന്നലെ പിടിയിലായത്.

ജനുവരി എട്ടിന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കരമന മേലാറന്നൂർ പ്രേംനഗർ ഭാഗത്തെ റോഡിലൂടെ നടന്നുപോകുകയായിരുന്ന അഞ്ജലിയുടെ (48) ആറുപവന്റെ മാലയാണ് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതി കവർന്നത്.

പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ ബൈക്ക് എം.ജി റോഡിലുള്ള സൂപ്പർ മാർക്കറ്റിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. പ്രദേശത്തെ സി.സി ടിവി ക്യാമറകളുടെ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതി തമ്പാനൂരിലെത്തി ബൈക്ക് ഉപേക്ഷിച്ചശേഷം താമസിക്കുന്ന റൂമിലെത്തി വസ്ത്രങ്ങൾ മാറി ട്രെയിനിൽ പെരുമ്പാവൂരിലേക്ക് പോയി. അവിടെ ഒരു സ്ഥാപനത്തിൽ മോഷണമുതൽ പണയംവച്ചു. 2022ൽ നടന്ന മാല മോഷണവുമായി ബന്ധപ്പെട്ട് കാലടി സ്റ്റേഷനിൽ പ്രതിക്കെതിരെ കേസുണ്ട്. ജയിൽശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്. മാല മോഷണത്തിന് മണിക്കൂറുകൾക്കു മുമ്പ് പാപ്പനംകോട് പാമാംകോട് ഭാഗത്തുണ്ടായ മാലമോഷണ ശ്രമത്തിന് പിന്നിലും അമോലാണെന്ന് പൊലീസ് പറഞ്ഞു.

സ്വർണംവിറ്റ പണം ഉപയോഗിച്ച് മൊബൈൽഫോണും വസ്ത്രങ്ങളും വാങ്ങിയതായി പ്രതി സമ്മതിച്ചു. തിരുവനന്തപുരത്ത് താമസിച്ചിരുന്ന ലോഡ്‌ജിൽ നിന്ന് ഫോൺ നമ്പർ ശേഖരിച്ച് ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ബൈക്ക് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഫോർട്ട് എ.സി.പിയുടെ നിർദ്ദേശപ്രകാരം കരമന സി.ഐ സുജിത്ത്,എസ്.ഐമാരായ വിപിൻ,അജന്തൻ,സി.പി.ഒ ഹരീഷ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ തലസ്ഥാനത്തെത്തിച്ചു.