jk

ഉദിയൻകുളങ്ങര: സ്വാതന്ത്ര്യസമര സേനാനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹരിയാന സ്വദേശിയായ തസ്‌വീർ പോർഗാർട്ട് (47) 2016-ൽ ആരംഭിച്ച യാത്ര19 സംസ്ഥാനങ്ങൾ പിന്നിട്ട് കേരള തമിഴ്നാട് അതിർത്തിയിലെത്തി. 'ഫ്രീഡം ഫൈറ്റർ' എന്ന പേരിൽ 2016 മാർച്ച് മൂന്നിന് ഹരിയാന ചർക്കിദാദ്രിയിനിന്ന് രാജീവ് ധിഷിത്ത് നൽകിയ പ്രചോദനത്തിലാണ് സൈക്കിൾ യാത്ര തുടങ്ങിയത്. പ്ലസ് ടു വരെ പഠിച്ച ഇയാൾ കർഷക ജോലി ചെയ്യുകയായിരുന്നു. ഭാര്യ സുശീല മകൻ പ്രേംജിത്തിനെ പ്രസവിച്ച് പത്ത് ദിവസമായപ്പോൾ മരിച്ചു. ഇപ്പോൾ പ്രേംജിത്ത് സ്വകാര്യ ബാങ്കിൽ ജോലിചെയ്യുകയാണ്. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്,ബീഹാർ, ബംഗാൾ, അസാം, തെലുങ്കാന,ആന്ധ്ര, കർണ്ണാടക,തമിഴ്നാട്, ചണ്ഡിഗർ എന്നിവ പിന്നിട്ടാണ് കേരളത്തിലെത്തിയത്. യാത്രക്കിടയിൽ ക്ഷേത്രങ്ങളിൽ നിന്നും മറ്റും കിട്ടുന്ന ഭക്ഷണം കൊണ്ടാണ് വിശപ്പകറ്റുന്നത്. ആരെങ്കിലും നൽകുന്ന ചെറിയ സംഭാവനകളും സ്വീകരിക്കുന്നു. ദേശീയ പതാകയും ഫ്രീഡം ഫൈറ്റകർക്കുളള ഹിന്ദി ഗാനവുമാണ് യാത്രയിലുടനീളം സൈക്കിളിലുളളത്.