
മുംബയിൽ താനെ കടലിടുക്കിനെയും നവി മുംബയെയും ബന്ധിപ്പിക്കുന്ന അടൽസേതു എന്നു നാമകരണം ചെയ്ത കടൽപ്പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാഷ്ട്രത്തിനു സമർപ്പിച്ചതോടെ അടിസ്ഥാന സൗകര്യ മികവിൽ ഇന്ത്യ വമ്പിച്ചൊരു കുതിച്ചുചാട്ടമാണു നടത്തിയിരിക്കുന്നത്. ഏതൊരു വികസിത രാജ്യത്തെയും ഇതുപോലുള്ള വലിയ നിർമ്മിതിയുമായി താരതമ്യപ്പെടുത്തിയാൽ അഭിമാനിക്കാവുന്ന നേട്ടമാണ് അടൽ സേതു കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം എന്ന വിശേഷണം മാത്രമല്ല മുംബയുടെ അഭിമാനമാകാൻ പോകുന്ന ഈ നിർമ്മിതിക്കുള്ളത്. കടലിലും കരയിലുമായി ആകെ 22 കിലോമീറ്റർ ദൈർഘ്യം വരുന്ന അടൽസേതുവിന്റെ പതിനാറര കിലോമീറ്ററും കടലിനു മുകളിലൂടെയാണ്. ദുസ്സഹമായ തിരക്കിൽ നിന്ന് താനെയിൽ നിന്ന് 22 കിലോമീറ്റർ അകലെ നവിമുംബയിലെത്താൻ ഇനി വെറും ഇരുപതു മിനിട്ടു മാത്രം മതിയാകുമെന്നറിയുമ്പോഴാണ് ഈ കടൽപ്പാലത്തിന്റെ മേന്മ മനസ്സിലാവൂ. അടൽസേതുവിലൂടെ ഇന്നുമുതൽ ഇരുവശത്തേക്കും വാഹനങ്ങൾ ഓടിത്തുടങ്ങുന്നതോടെ പുതിയൊരു യാത്രാ അനുഭവമായിരിക്കും മുംബയ് വാസികൾക്കു മുന്നിൽ തുറന്നിടുക. ഇനി നഗരത്തിലെ ഒറഞ്ച് ഗേറ്റിനെയും മറൈൻ ഡ്രൈവിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഭൂഗർഭ ടണൽ പാത ഉൾപ്പെടെ വേറെയും അടിസ്ഥാന വികസന പദ്ധതികൾക്കു തുടക്കമിട്ടുകഴിഞ്ഞു. താനെയിൽ നിന്ന് നഗരത്തിരക്കിൽ കുരുങ്ങിക്കുരുങ്ങി നവി മുംബയിലെത്താൻ ഇപ്പോൾ രണ്ടുമണിക്കൂർ വേണ്ടിവരുന്നിടത്താണ് അടൽസേതു വന്നതോടെ യാത്രാസമയം ഇരുപതു മിനിട്ടായി കുറയുന്നത്. കടലിൽ ഉയർത്തിയ തൂണുകൾക്കു മുകളിൽ രൂപംകൊണ്ട അടൽസേതു ഇരുപത്തൊന്നര മീറ്ററിൽ ആറുവരി പാതയായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിവേഗ പാതയായതിനാൽ ഇരുചക്ര വാഹനങ്ങൾക്കും ട്രാക്ടർ - ട്രെയിലറുകൾക്കും പ്രവേശനമില്ല. സുഗമവും വേഗമേറിയതുമായ യാത്ര ഉറപ്പാക്കാനാവശ്യമായ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ 300 മീറ്ററിലും സി.സി.ടിവികൾ സ്ഥാപിച്ച് സുരക്ഷയും ഒരുക്കിക്കഴിഞ്ഞു. അടൽസേതുവിനുവേണ്ടി മുടക്കിയ ഇരുപതിനായിരം കോടി രൂപ ഒരുതരത്തിലും അധികപ്പറ്റാവുകയില്ലെന്നു ബോദ്ധ്യപ്പെടുത്തുന്നതാകും ഇന്നുമുതൽ ഇതിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടാൻ പോകുന്ന മുക്കാൽലക്ഷത്തിൽപ്പരം വാഹനങ്ങൾ. ഒരേ ദിശയിലേക്ക് 350 രൂപയും ഇരുവശത്തേക്കാണെങ്കിൽ 375 രൂപയുമാണ് ടോൾ നിരക്ക്. നഗരത്തിരക്കിൽ മണിക്കൂറുകൾ കാത്തുകിടന്ന് ഇന്ധനം എരിച്ചുകളയേണ്ടിവരുന്ന വാഹന ഉടമകൾക്ക് അടൽസേതുവിലെ ടോൾ നിരക്ക് ഒരിക്കലും ദുർവഹമായി തോന്നുകയില്ല.
പുതിയ കാലത്തെ എൻജിനിയറിംഗ് വിസ്‌മയമായി മാറാൻ പോകുന്ന അടൽസേതു രാജ്യത്തെ അടിസ്ഥാന വികസന പദ്ധതികളിൽ സുപ്രധാന ഇടം നേടാൻ പോവുകയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഗതാഗത മേഖല കൈവരിച്ച അഭൂതപൂർവമായ വളർച്ച സമാനതകളില്ലാത്തതാണ്. ദുർഗ്ഗമമായ മേഖലകളിൽപ്പോലും പുതിയ റോഡുകളും ടണലുകളും ഉയർന്നുവരുന്നു. ദേശീയപാത നിർമ്മാണം ഓരോ വർഷം കഴിയുമ്പോഴും പുതിയ റെക്കാഡുകൾ സൃഷ്ടിക്കുന്നു. അടൽസേതുവിന്റെ നിർമ്മാണം ആറുവർഷത്തിനകം പൂർത്തിയാക്കാനായതും നേട്ടമായി കരുതാം. ഏറെ വെല്ലുവിളികൾ ഉയർത്തിയതായിരുന്നു കടലിനു മുകളിലൂടെയുള്ള പാത നിർമ്മാണം. അതിയായ വൈദഗ്ദ്ധ്യവും സാങ്കതിക പരിജ്ഞാനവും വേണ്ട മേഖലയാണിത്. നമ്മുടെ എൻജിനിയർമാരും സാങ്കേതിക വിദഗ്ദ്ധന്മാരും വിദഗ്ദ്ധരായ തൊഴിലാളികളും ചേർന്ന് അത് സാദ്ധ്യമാക്കിയിരിക്കുന്നു. അടൽസേതു നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച സകലരും രാഷ്ട്രത്തിന്റെ ആദരവ് അർഹിക്കുന്നവരാണ്.