ss

മലയാളത്തിന്റെ സ്വന്തം സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ആഘോഷത്തിനു മുന്നോടിയായുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. താരങ്ങളായ അഹാന കൃഷ്ണ, വിന്ദുജമേനോൻ എന്നിവർ ഭാഗ്യയ്ക്കും പ്രതിശ്രുത വരൻ ശ്രേയസ് മോഹനും ഒപ്പം ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. വിന്ദുജയോടൊപ്പം മകൾ നേഹ നമ്പ്യാരും ഒപ്പമുള്ള ചിത്രത്തിൽ സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ് എന്നിവരുമുണ്ട്. ഭാഗ്യയുടെയും ശ്രേയസിന്റെയും ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ ഇരുവർക്കും പുതു ജീവിതത്തിന് ആശംസ നേരുകയും ചെയ്തു. പച്ച നിറം ലെഹങ്ക ആണ് ഭാഗ്യയുടെ വേഷം.

അഹാനയുടെ സഹോദരിമാരായ ദിയയും ഹൻസികയും ആഘോഷത്തിൽ പങ്കെടുത്തു. ബിഗ് ബോസ് താരം ശോഭ വിശ്വനാഥും നവദമ്പതികൾക്ക് ആശംസ നേർന്ന് പോസ്റ്റ് ഇട്ടിട്ടുണ്ട്. എന്നാൽ സുരേഷ് ഗോപി മാത്രം ചിത്രങ്ങളിലില്ല. കൊച്ചിയിൽ വരാഹം സിനിമയുടെ ലൊക്കേഷനിലാണ് സുരേഷ് ഗോപി. അടുത്ത ദിവസം സുരേഷ് ഗോപിയുടെ സീനുകൾ പൂർത്തിയാവും.ഇതോടെ വിവാഹ ആഘോഷത്തിൽനിന്ന് സുരേഷ് ഗോപിയുടെ ചിത്രങ്ങളും എത്തും.