
പാലോട്: സഞ്ചാരികൾക്ക് കാഴ്ചയുടെ വസന്തമൊരുക്കിയ നന്ദിയോട്ടെ മീൻമുട്ടി ഹൈഡൽ ടൂറിസം പൂട്ടിക്കെട്ടി. വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിൽ ജില്ലയിലുണ്ടായിരുന്ന ഏക ടൂറിസം പദ്ധതിക്കാണ് അധികൃതരുടെ അശ്രദ്ധ കാരണം ഈ ദയനീയാവസ്ഥയുണ്ടായത്.
മീൻമുട്ടി ചെറുകിട വൈദ്യുതി പദ്ധതി പ്രദേശത്തോടനുബന്ധിച്ചാണ് കേന്ദ്രം സ്ഥിതി ചെയ്‌തിരുന്നത്. ടൂറിസ്റ്റുകൾക്ക് ജലസവാരി നടത്തുന്നതിനുള്ള സൗകര്യങ്ങളുമുണ്ടായിരുന്നു. പ്രവർത്തനം നിലച്ചതിന് പിന്നാലെ നാല് പെഡസ്ട്രൽ ബോട്ടുകളും ഒരു എൻജിൻ ബോട്ടും കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചത് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.
പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വൈദ്യുതി ഭവൻ റീജിയണൽ മാനേജർ (കേരളാ ഹൈഡൽ ടൂറിസം) ഹരിലാലുമായി നടന്ന ചർച്ചയിൽ ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തി തിരിച്ചെത്തിക്കുമെന്നും പഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെട്ടാൽ ടൂറിസം സെന്റർ നടത്തിപ്പ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങൾ സഞ്ചാരികൾക്ക് മനസിലാക്കാനും ഇവിടെ സൗകര്യമുണ്ടായിരുന്നു. ടൂറിസം വിപുലീകരണത്തിനായി രണ്ടുഘട്ടങ്ങളിൽ 60 ലക്ഷവും 45 ലക്ഷവും ഉൾപ്പെടെ 1.05 കോടി രൂപയാണ് സർക്കാർ ഇവിടെ ചെലവഴിച്ചത്.
നോക്കാനാളില്ല
-----------------------------------
ഇവിടെ പ്രവർത്തിച്ചിരുന്ന കുടുംബശ്രീയുടെ കാന്റീൻ അടച്ചിട്ട് നാലുമാസമായി. ലാൻഡ് സ്കേപ്,ഫ്ലവർ ബെഡ്സ്, കിഡ്സ് പ്ലേയിംഗ് ഏരിയ,എയർഗൺ ഗെയിം,വാട്ടർ കാസ്കേഡ് എന്നിവയും കാടുകയറി നശിച്ചു. ഏഴുപേർക്ക് സഞ്ചരിക്കാനുള്ള എൻജിൻ ബോട്ടിൽ 15 മിനിട്ടിന് 500 രൂപയും രണ്ടുപേർക്ക് സഞ്ചരിക്കാനുള്ള പെഡസ്ട്രൽ ബോട്ടിന് 150 രൂപയും പ്രവേശന ഫീസായി 20 രൂപയുമാണ് ഈടാക്കിയിരുന്നത്. ബോട്ട് ഡ്രൈവർ ഉൾപ്പെടെ താത്കാലികമായി നിയമിച്ച ജീവനക്കാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു.
പ്രതിഷേധം
-----------------------
ബോട്ടുകൾ കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ നന്ദിയോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനാവിൽ ഷിബു, അംഗം പേരയം സിഗ്നി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അതുൽ, സാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.
സർക്കാർ മീൻമുട്ടിയിൽ
ചെലവാക്കിയത് - 1.05 കോടി