r

പ്രമുഖ സാമ്പത്തിക വിദ്ധനും സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓണററി ഫെല്ലോയുമായ ഡോ.കെ.പി.കണ്ണൻ കേരള ഇക്കണോമിക് അസോസിയേഷനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും (ഗിഫ്റ്റ്)​ സംയുക്തമായി ഇന്നലെ സംഘടിപ്പിച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെകുറിച്ചുള്ള പാനൽ ചർച്ചയിൽ പറഞ്ഞത്

കേരളത്തിലെ ജനങ്ങളുടെ ആയുർദൈർഘ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കണം. എതിർപ്പുണ്ടായാലും കുറഞ്ഞത് രണ്ട് വർഷത്തേങ്കിലും ഉയർത്തണം. സംസ്ഥാനത്തിന്റെനികുതി -നികുതിയേതര കുടിശികകൾ അടിയന്തരമായി പിരിച്ചെടുക്കണം. 2022ലെ ബഡ്ജറ്റ് രേഖകൾ അനുസരിച്ച് കുടിശിക 19,​ 924 കോടിയാണ്. ഇതിൽ 12724 കോടി തർക്കരഹിത കുടിശികകളാണ്. 2024 -25 മുതൽ ഈ തുക കൃത്യമായി പിരിച്ചെടുത്താൽ അടുത്ത മൂന്നുവർഷത്തേക്ക് 4261 കോടി അധികമായി ലഭിക്കും.

ലീവ് സറണ്ടർ

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ സംവിധാനം അടിയന്തരമായി ഇല്ലാതാക്കണം. ലീവ് സറണ്ടറിലൂടെ പ്രതിവർഷം 1000 കോടിയാണ് സർക്കാരിന് ബാദ്ധ്യതയുണ്ടാക്കുന്നത്. കേന്ദ്ര സർക്കാരിലോ മറ്റ് സംസ്ഥാനങ്ങളിലോ ഈ ലീവ് സറണ്ടർ സംവിധാനം ഇല്ല. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ജീവനക്കാർക്ക് ലീവ് സറണ്ടർ ചെയ്യാവുന്നത് പരമാവധി 300 ദിവസമാണ്. മാത്രമല്ല,​ വിരമിക്കൽ സമയത്ത് മാത്രമെ ഇത് നൽകാവൂ.

സംസ്ഥാനത്തിന്റെ പലിശഭാരം മൊത്തവരുമാനത്തിന്റെ 20 ശതമാനമാണ്. അതിനാൽ പലിശയുടെ ഭാരം മറികടക്കുന്നതിന് കടമെടുക്കുന്നത് കുറയ്ക്കണം. റവന്യൂ കമ്മി കുറയ്ക്കുന്നതിനായിരിക്കണം അടിയന്തര പ്രധാന്യം.

എം.എൽ.എമാർക്ക് മെഡിക്കൽ ഇൻഷ്വറൻസിന് പകരം ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തണം. അങ്ങനെ ചെയ്യുന്നതിലൂടെ എം.എൽ.എമാർക്ക് മാത്രമല്ല,​ അവരുടെ ഭാര്യ,​ മക്കൾ,​ 18 വയസിന് താഴെയുള്ള ആശ്രിതർ,​ മാതാപിതാക്കൾ എന്നിവർക്ക് ഉപകാരപ്പെടും. സർക്കാർ ജീവനക്കാർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്താമെങ്കിൽ എന്തുകൊണ്ട് എം.എൽ.എമാർക്കും ആയിക്കൂടെന്ന ചോദ്യവും പ്രസക്തമാണ്.

പൊതുമേഖലയിൽ കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് മറ്റൊരു പ്രധാന കാര്യം. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നുംതന്നെ തങ്ങളുടെ ഓഡിറ്റ് യഥാസമയം സമർപ്പിക്കാറില്ല. 2021 മാർച്ചിലെ കണക്ക് അനുസരിച്ച് 34 പൊതുമേഖലാ സ്ഥാപനങ്ങൾ ഓഡിറ്റ് സമർപ്പിച്ചിട്ടില്ല. 25 സ്ഥാപനങ്ങൾ 6 വർഷമായി ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. സാമ്പത്തിക അച്ചടക്കം പാലിക്കാത്ത നിരന്തരം നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോതവണയും ബഡ്ജറ്റിൽ നിന്ന് സഹായം ആവശ്യപ്പെടരുത്. ഇങ്ങനെ നൽകിയാൽ ആ തുക കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാവുക.

സർക്കാർ നയങ്ങൾക്ക് പുറത്ത് നടപ്പാക്കുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളിലുണ്ടാകുന്ന നഷ്ടം വിലയിരുത്തുന്നതിന് വിദഗ്ദ്ധ സമിതികൾ വേണം. ഉദാഹരണത്തിന് കെ.എസ്.ആർ.ടി.സി വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസെഷൻ ബഡ്ജ‌റ്റിൽ നിന്നുള്ള സപ്പോർട്ട് ആയി കണക്കാക്കണം. കൺസെഷൻ നൽകുന്നതിലൂടെ കുറഞ്ഞ ലാഭമെങ്കിലും സർക്കാരിനുണ്ടാക്കാൻ കഴിയുന്നുവെന്നും ഉറപ്പാക്കണം.

പൊതുമേഖലാ സ്ഥാപനങ്ങൾക്കായി ചെലവിടുന്ന മൂലധനത്തിന്റെ 10 ശതമാനമെങ്കിലും വരുമാനമായി തിരിച്ചു ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിൽ പരാജയപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും സ്വതന്ത്ര സമിതിയെ വച്ച് ഫോറൻസിക് ഓഡിറ്റിംഗ് നടത്തുകയും വേണം.

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കണം. 70 ശതമാനം പൂർത്തിയാക്കിയ പദ്ധതികൾക്ക് ഉയർന്ന പരിഗണന നൽകുകയും പൂർത്തിയാക്കുന്നതിന് നിശ്ചിത സമയപരിധി നിശ്ചയിക്കുകയും വേണം.

കിഫ്ബിയുടെ

ഉത്തരവാദിത്തം


സംസ്ഥാന സർക്കാരിന്റെ പദ്ധതികൾക്ക് പണം കണ്ടെത്താനായി തുടങ്ങിയ വിവിധോദ്ദേശ്യ സ്ഥാപനമായ കിഫ്ബിക്ക് ലഭിക്കുന്ന പണവും അനുവദിക്കുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ട്. അധികം ലഭിക്കുന്ന തുക കിഫ്ബി സ്ഥിര നിക്ഷേപമായി ബാങ്കുകളിൽ നിക്ഷേപിക്കുന്നത് കുറഞ്ഞ പലിശ നിരക്കിലാണ്. ഇത് പുനരാലോചിക്കണം. പണം അനുവദിക്കുന്നതിന് മുമ്പ് പദ്ധതികൾക്ക് എപ്പോൾ അംഗീകാരം നൽകി,​ എപ്പോഴാണ് തുടങ്ങുന്നത്,​ യഥാർത്ഥ ചെലവ്,​ പൂർത്തിയാക്കാനുള്ള സമയം അടക്കമുള്ള പൂർണവിവരങ്ങൾ കിഫ്ബി പ്രസിദ്ധീകരിക്കണം.