-joy

വർക്കല : ചെമ്മരുതി പനയറ തൃപ്പോരിട്ട കാവ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് കവർച്ച നടത്തിയ കേസിൽ മോഷ്ടാവ് അറസ്റ്റിൽ.കൊല്ലം തങ്കശ്ശേരി ഇത്താക്കിൽനഗറിൽ ജോയിയാണ് ( 49) അറസ്റ്റിലായത്. ഒക്ടോബർ 6ന് രാത്രിയിൽ ക്ഷേത്രത്തിന്റെ ഓട് ഇളക്കിയാണ് മോഷ്ടാവ് നാലമ്പലത്തിൽ പ്രവേശിച്ചത്. ക്ഷേത്ര സന്നിധിയിലെ പ്രധാന വഞ്ചി കുത്തി തുറന്ന് കവർച്ച നടത്തുകയും ക്ഷേത്രത്തിലെ ഉപദേവതകളുടെ പ്രതിഷ്ഠകൾക്ക് മുന്നിലെ വഞ്ചികളിൽ 4 എണ്ണം വെട്ടി പൊളിക്കുകയും ചെയ്തായിരുന്നു കവർച്ച.കമ്പി പാരയും കുന്താലിയും വടിവാളുമായി മോഷ്ടാവ് ഉള്ളിൽ പ്രവേശിക്കുന്നതും മോഷണം നടത്തുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ അയിരൂർ പൊലീസ് ശേഖരിച്ചു അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സമാനമായ മറ്റൊരു മോഷണ കേസിൽ ഇയാൾ കൊല്ലം പൊലീസിന്റെ പിടിയിലാകുന്നത്.ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതിയെ അയിരൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ക്ഷേത്രത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.