general

ബാലരാമപുരം: കനാലിലെ മാലിന്യനിക്ഷേപത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ബാലരാമപുരം പഞ്ചായത്തിൽ രാമപുരം,​ കോട്ടുകാൽക്കോണം വാർഡിന്റെ അതിർത്തിയിൽ വരുന്ന ചൊവ്വര ഇടതുകനാലിലാണ് നവീകരണജോലികൾ മുടങ്ങി മാലിന്യംകൊണ്ട് മൂടിയിരിക്കുന്നത്. നവീകരണച്ചുമതല ജലസേചന വകുപ്പിനായതിനാൽ പഞ്ചായത്ത് അധികൃതർ നവീകരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

തൊഴിലുറപ്പ് ജീവനക്കാരെ ഉൾപ്പെടുത്തി കനാലിലെ പാഴ്ച്ചെടികളും മാലിന്യവും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കാരുണ്യ റസിഡന്റ്സ് അസോസിയേഷനും രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി കനാൽ പ്രദേശം കാട്മൂടിയ നിലയിലാണ്. പാഴ്ച്ചെടികൾ വളർന്ന് കനാലിനുള്ളിലെ കോൺക്രീറ്റ് സംരക്ഷണകവചവും ഇടിഞ്ഞു തുടങ്ങി.

കനാൽ പ്രദേശം കാടുമൂടിയതിനാൽ കൃഷിയിടങ്ങളിലേക്ക് കനാലിൽ നിന്ന് ജലമൊഴുക്കും നിലച്ചു. ഇക്കാരണത്താൽ പ്രദേശത്തെ കൃഷിയും നശിക്കുകയാണ്. വീടുകളിലേയും മറ്റ് സ്വകാര്യസ്ഥാപനങ്ങളിലേയും മാലിന്യം കനാൽ വഴി ഒഴുക്കിവിടുന്നതായും പരാതിയുണ്ട്. ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചതോടെ വാവ സുരേഷ് എത്തി അടുത്തിടെ പാമ്പിനേയും പിടികൂടിയിരുന്നു. ഇറിഗേഷൻ അധികൃതർ സ്ഥലം സന്ദർശിച്ച് ചൊവ്വര വലതുകനാലിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ബാലരാമപുരം പഞ്ചായത്തിൽ നീർത്തടങ്ങൾ മിക്കവയും കാട്മൂടി തകർച്ചാഭീഷണിയിലാണ്. കടുത്ത വേനൽക്കാലം വരാനിരിക്കെ നീരുറവകൾ സംരക്ഷിച്ച് നിലനിറുത്തണമെന്നാണ് വാർഡ് നിവാസികൾ പറയുന്നത്.