k-sudhakaran

തിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന കോൺഗ്രസ് തീരുമാനം സുചിന്തിതമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. നിരവധിയായ യോഗങ്ങൾക്കും ചർച്ചകൾക്കുമൊടുവിലെടുത്ത നിലപാട് കോൺഗ്രസിന്റെ പരമ്പരാഗത മതനിരപേക്ഷ മൂല്യങ്ങളെ വാനോളം ഉയർത്തിപ്പിടിച്ചെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കോൺഗ്രസ് നിലപാട് ഇടതുപക്ഷ സ്വാധീനം മൂലമാണ് മാറ്റിയതെന്നു വിളിച്ചുപറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കാര്യസ്ഥൻ മാത്രമാണ്. എം.ടി.വാസുദേവൻ നായരുടെ പ്രസംഗം മോദിക്കെതിരേയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമില്ലെന്നുമുള്ള എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രസ്താവന കൊട്ടാരം വിദൂഷകനെന്ന നിലയ്ക്കാണ്. പിണറായി സ്തുതിപാഠകരുടെ നേതാവാണ് ജയരാജൻ. എല്ലാ ഏകാധിപതികൾക്കെതിരെയും ഉയർന്ന മാനവരാശിയുടെ നിലവിളിയാണ് എം.ടിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.