
തിരുവനന്തപുരം: പ്രശസ്തമായ തമിഴ്നാട് തിരുവയ്യാറിലെ ത്യാഗരാജ ആരാധന മഹോത്സവത്തിൽ 29ന് സംഗീത കച്ചേരി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രാൻസ്പോർട്ട് കമ്മിഷണറായ എ.ഡി.ജി.പി എസ്.ശ്രീജിത്ത്. കുട്ടിക്കാലത്ത് അമ്മയിൽ നിന്ന് സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും കച്ചേരി അവതരിപ്പിക്കുന്നത് ആദ്യം. ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. സിനിമയിലും പാടി. ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും സംഗീതത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച അറിവാണ് കച്ചേരി അവതരിപ്പിക്കുന്നതിന് വഴിതുറന്നത്.
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർക്ക് പുരസ്കാരം സമർപ്പിച്ച ചടങ്ങിൽ, അദ്ദേഹം ചിട്ടപ്പെടുത്തിയ 'ചന്ദനം മണക്കുന്ന പൂന്തോട്ടം..' എന്ന ഗാനത്തിലെ ബാഗേശ്രീ രാഗം ശ്രീജിത്ത് ഉദാഹരണ സഹിതം വിസ്തരിച്ചിരുന്നു. സാധാരണ ശോകഗാനങ്ങൾക്കു ഉപയോഗിക്കുന്ന പീലു രാഗത്തിൽ മാസ്റ്റർ 'താലോലം പൈതൽ താലോലം..' എന്ന താരാട്ടുപാട്ട് സൃഷ്ടിച്ചതിനെക്കുറിച്ചും വിസ്തരിച്ചു.
പ്രസംഗം കേട്ട ത്യാഗരാജ ആരാധന മഹോത്സവത്തിന്റെ സംഘാടകരിലൊരാളായ സുരേഷ് വാസവനാണ് അവിടെ കച്ചേരി അവതരിപ്പിക്കാൻ ക്ഷണിച്ചത്. കേട്ടപ്പോൾ ഞെട്ടി. ധൈര്യം പോരാ.
പാടാൻ കഴിയില്ലെന്ന് ആദ്യം അറിയിച്ചെങ്കിലും സുഹൃത്തായ ഗായകൻ പന്തളം ബാലനോടും സംഗീത സംവിധായകൻ സിബു സുകുമാരനോടും കാര്യം പറഞ്ഞു. ഇരുവരും നിർബന്ധിച്ചതോടെ തീരുമാനം മാറ്റി. പന്തളം ബാലന്റെ വീട്ടിൽ പ്രാക്ടീസ് തുടങ്ങി. പന്തുവരാളി രാഗത്തിലുള്ള രണ്ട് കീർത്തനങ്ങളാണ് പാടുക. 26 മുതൽ 30 വരെയാണ് ത്യാഗരാജ ആരാധന മഹോത്സവം.
മഹാപ്രതിഭകൾ
എത്തുന്ന വേദി
ത്യാഗരാജ ആരാധന ഉത്സവത്തിൽ മഹാപ്രതിഭകളാണ് സംഗീത കച്ചേരി അവതരിപ്പിക്കുന്നത്. ആസ്വാദകരായി എത്തുന്നവരും അപാരമായ അറിവുള്ളവർ. രാമഭക്തികൊണ്ടും സംഗീതസപര്യകൊണ്ടും സ്വജീവിതം തപസാക്കിയ 18-ാം നൂറ്റാണ്ടിലെ സംഗീതകുലപതി ത്യാഗരാജ സ്വാമികളുടെ സമാധി ദിനാചരണത്തിന്റെ ഭാഗമായാണ് ആരാധന ഉത്സവം സംഘടിപ്പിക്കുന്നത്.
''ഞാൻ പാടുമെന്നല്ലാതെ സംഗീത കച്ചേരിയൊന്നും അവതരിപ്പിച്ചിട്ടില്ല. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുമില്ല.
-എസ്.ശ്രീജിത്ത്
''സംഗീതത്തോട് ശ്രീജിത്തിന് ആവേശമാണ്. അതാണ് ഔദ്യോഗിക തിരക്കുകൾക്കിടയിലും സംഗീതത്തെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനും ആസ്വദിക്കുന്നതിനും സമയം കണ്ടെത്തുന്നത്.
-പന്തളം ബാലൻ