തിരുവനന്തപുരം: കേരള സർക്കാരിന്റെ ഹില്ലി അക്വ കുപ്പിവെള്ളം കൊല്ലം ജില്ലാ പഞ്ചായത്തുമായി ചേർന്നു കൊല്ലത്ത് വിതരണം ചെയ്യും. സെക്രട്ടേറിയേറ്റ് അങ്കണത്തിൽ ആദ്യ ലോഡ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഒരു ലിറ്ററിന്റെ 11,000 കുപ്പി വെള്ളമാണ് ആദ്യ ലോഡിൽ ഉണ്ടായിരുന്നത്. വിതരണ ശൃംഖല വിപുലീകരണത്തിന്റെയും ന്യായവിലയ്ക്ക് ഉപഭോക്താക്കൾക്ക് കുപ്പി വെള്ളം ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് കൊല്ലം ജില്ലാപഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.
കൊല്ലത്തെ ഗ്രാമപഞ്ചായത്തുകളിൽ ഒരു ലിറ്ററിന്റെ കുപ്പികളിൽ വെള്ളം വിതരണം ചെയ്യാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് എംബ്ലം പതിപ്പിച്ച ലേബലുള്ളതാണ് കുപ്പി. ചീഫ് വിപ്പ്
ഡോ. എൻ.ജയരാജ്, തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ ജോബ് മൈക്കിൾ, തോമസ് കെ. തോമസ്, ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ്, ഹില്ലി അക്വ ജനറൽ മാനേജർ വി.സജി എന്നിവർ പങ്കെടുത്തു.