paalam

വക്കം: വക്കം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളുടെ ചിരകാല സ്വപ്ന പദ്ധതിയായ കായിക്കര കടവ് പാലം അനന്തമായി നീളുന്നു. പാലത്തിനും സ്ഥലമേറ്റെടുക്കുന്നതിലേയ്ക്കുമായി തുക അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇടയ്ക്കിടെ തുടർപ്രവർത്തനങ്ങൾക്ക് ജീവൻ വയ്ക്കുകയും പിന്നീട് നിദ്ര‌യിലാകുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. പാലംപണിയേണ്ട സ്ഥലത്ത് ഉൾനാടൻ ജലഗതാഗതം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ബോട്ട് ജെട്ടി സ്ഥാപിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമായ സാമൂഹ്യാഘാതപഠനം കഴിഞ്ഞു. റിപ്പോർട്ട് സമർപ്പിച്ച് സർവ്വേ നടപടികളും പൂർത്തീകരിച്ച് സ്കെച്ചും തയാറാക്കി. ഭൂമി ഏറ്റെടുക്കൽ നടപടിയും കഴിഞ്ഞു. ഭൂമി ഏറ്റെടുത്തവരിൽ ചിലർക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ലഭ്യമായിട്ടുണ്ട്. പദ്ധതിക്കായി കിഫ്ബി തുക അനുവദിച്ച് സർവ്വേ നടപടികളും ഭൂമി ഏറ്റെടുക്കലും കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

 ഫണ്ടും റെഡി

കായിക്കര, വക്കം പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ ടി.എസ് കനാലിന് കുറുകെ പാലം നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന് 6.88 ലക്ഷം അനുവദിച്ചു കഴിഞ്ഞു. എന്നാൽ ഈ തുക ഭൂമി നഷ്ടപ്പെട്ടവർക്ക് നൽകേണ്ടതായുണ്ട്. പാലം നിർമ്മാണത്തിനും അപ്രോച്ച് റോഡ് നിർമ്മാണത്തിനുമായി കിഫ്ബി ഫണ്ട് 33.17ലക്ഷം രൂപ നേരത്തേ തന്നെ അനുവദിച്ചിരുന്നു. അപ്രോച്ച് റോഡ് നിർമ്മാണത്തിനായി വക്കം, കായിക്കര, വില്ലേജിൽ 2.02 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. കായിക്കര പ്രദേശത്ത് 248 മീറ്ററും, വക്കത്ത് 188 മീറ്ററുമാണ് റോഡ് നിർമ്മിക്കേണ്ടത്.

 ടൂറിസത്തിനും സാദ്ധ്യത

പാലം പണി പൂർത്തിയാകുന്നതോടെ തീരദേശഗ്രാമമായ അഞ്ചുതെങ്ങ്, വക്കം പ്രദേശങ്ങളിലെ മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, ആശാൻ സ്മാരകം, വക്കം ഖാദർ സ്മാരകം, പൊന്നുംതുരുത്ത്, എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികളുടെ വരവും പാലം യാഥാർത്ഥ്യമാകുന്നതോടെ കായലോര ടൂറിസവും സുഗമമാകും.