വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന 'സ്നേഹാരാമം' പദ്ധതിയുടെ ഉദ്ഘാടനം വെൺകുളം പബ്ലിക് മാർക്കറ്റിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശുഭ ആർ.എസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അമ്പിളി എസ്.ആനന്ദ്, കാപ്പിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനു, എൻ. എസ്.എസ്.പ്രോഗ്രാം ഓഫീസർ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ ആർ.എസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ വി.സതീശൻ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ലിനി. എസ് പദ്ധതി വിശദീകരിച്ചു. വെൺകുളം പബ്ലിക് മാർക്കറ്റ്, വെറ്റക്കട കൊച്ചു കായൽ എന്നീ മാലിന്യം വലിച്ചെറിയുന്ന ഭാഗങ്ങളിൽ പൂന്തോട്ടങ്ങൾ നിർമ്മിച്ചാണ് സ്നേഹാരാമം പദ്ധതി ആരംഭിച്ചത്. മാലിന്യ സംസ്കരണ ഉപാധിയായ തുമ്പൂർമുഴി പദ്ധതി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കാപ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളുടെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കിയത്.