
മലയിൻകീഴ് : ഗ്യാസ് സിലിണ്ടറുമായിവന്ന മിനിലോറി ഇടിച്ച് മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ബി.കോം രണ്ടാംവർഷ വിദ്യാർത്ഥി മുഹമ്മദ് അഫ്സൽ(20)ദാരുണമായി മരിച്ചു. സഹപാഠിയുമായി ഇലക്ട്രിക് സ്കൂട്ടറിൽ പോകവേയായിരുന്നു ദുരന്തം..ഇന്നലെ രാവിലെ 10 മണിയോടെ പോങ്ങുംമൂട് -ചീനിവിള റോഡിൽ ചീനിവിളയിലാണ് അപകടം.കരമന എ.എസ്.ഹൗസിൽ സെയ്ദ് അലിയുടെ മകനാണ് മുഹമ്മദ് അഫ്സൽ.സഹപാഠി തിരുവല്ലം സ്വദേശി ഗൗതംകൃഷ്ണ(20)യെ കാലിന് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കോളേജ് യൂണിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് അഫ്സൽ ഇന്നലെ രാവിലെ കോളേജിലെത്തിയിരുന്നു.
പത്ത് മിനിറ്റിനുള്ളിൽ തിരിച്ചെത്താമെന്നുപറഞ്ഞ് സുഹൃത്തിന്റെ ഓല സ്കൂട്ടറിൽ ഗൗതംകൃഷ്ണയുമായി
മലയിൻകീഴ് ഭാഗത്തേക്ക് പോയി. ചീനിവിളയിലെ വളവിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ വാഹനമിടിക്കുകയായിരുന്നു.അശ്രദ്ധമായി ഒാടിച്ചിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. തലയ്ക്ക് ഗുരുതരപരിക്കേറ്റ മുഹമ്മദ് അഫ്സൽ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനുശേഷം കരമന ജുമ മസ്ജിദിൽ കബറടക്കി.മാതാവ് : ഖദീജബീവി.സഹോദരങ്ങൾ : മുഹമ്മദ് ഫൈസൽ,ഫാത്തിമ തസ്നിം.