
വെഞ്ഞാറമൂട്: വീടൊരു ഗോകുലമാക്കിയ അരുണിമയുടെ റാങ്കിന് പാലിന്റെ തൂവെള്ള തിളക്കം. ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് ക്ഷീര കർഷക കുടുംബത്തിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് വെഞ്ഞാറമൂട് നെല്ലനാട് ഈശാനുകോണത്തിൽ അരുണിമയിൽ പി.ശിവശങ്കരൻ നായരുടെയും ജി. സിന്ധുവിന്റെയും മകൾ എസ്. അരുണിമ. കേരള യൂണിവേഴ്സിറ്റിയിൽ പി.ജി പോളിമർ കെമിസ്ട്രിയിലാണ് റാങ്ക് നേട്ടം.
പശു വളർത്തലാണ് കുടുംബത്തിന്റെ ഉപജീവനമാർഗം. ചെറുപ്പത്തിലേ ഒരു മടിയും കൂടാതെ അച്ഛനമ്മമാർക്കൊപ്പം പശു പരിപാലനത്തിൽ പഠനത്തിനൊപ്പം അരുണിമയും കൂടി. ഇവർക്ക് ആകെയുള്ള 15 സെന്റ് പുരയിടത്തിൽ പഞ്ചായത്തിന്റെ ഇ.എം.എസ് ഭവന പദ്ധതിയിൽ നിന്നും ലഭിച്ച വീട്ടിലാണ് താമസം. വീടിനോട് ചേർന്ന് വിശാലമായ ഒരു തൊഴുത്തിലും ഉണ്ട്. കുട്ടികളുടെ പഠനവും വീട്ടുകാര്യങ്ങളും ചെലവുകളും എല്ലാം പാൽ വിറ്റു കിട്ടുന്ന തുകയിൽ നിന്നുമാണ് കണ്ടെത്തുന്നത്. ബി.എസ്.സി പോളിമർ കെമിസ്ട്രിക്ക് ആറ്റിങ്ങൽ ഗവ. കോളേജിലാണ് പ്രവേശനം ലഭിച്ചു.
ബി.എസ്.സി ഫലം വന്നപ്പോൾ രണ്ടാം റാങ്ക്. എം.എസ്.സിക്കും ആറ്റിങ്ങൽ ഗവ.കോളേജിൽ തന്നെ പ്രവേശനം ലഭിച്ചു. നിലവിലെ ജീവിത സാഹചര്യങ്ങൾ അനുകൂലമാക്കി വിജയം നേടി മറ്റുള്ളവർക്ക് മാതൃകയാകുകയാണ് അരുണിമ. വീട്ടിൽ ട്യൂഷൻ എടുക്കാറുള്ള അരുണിമയ്ക്ക് കോളേജ് അദ്ധ്യാപിക ആകാനാണ് ആഗ്രഹം. സഹോദരൻ അഖിൽ ഡിഗ്രി കഴിഞ്ഞ് പി.എസ്.സി കോച്ചിംഗിന് പോകുന്നു.