തിരുവനന്തപുരം:അയൽവാസിയായ നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരനായ മുരളീധരനെ പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ.രേഖ ഏഴുവർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം.2021 ജൂലായ് 21നായിരുന്നു കേസിനാസ്പദമായ സംഭവം.പെൺകുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തതറിഞ്ഞ് മാതാവ് കുട്ടിയെ പ്രതിയുടെ വീട്ടിലാക്കിയ ശേഷം പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. ഇതിനിടെയാണ് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന് പുറത്ത് നിന്ന കുടുംബശ്രീ പ്രവർത്തരാണ് പീഡനം നേരിൽ കണ്ടതും പൊലീസിനെ അറിയിച്ചതും. ദൃക്സാക്ഷികൾ കോടതിയിലെത്തി പ്രതിക്കെതിരെ മൊഴി നൽകിയിരുന്നു. അയൽവാസിയായ പ്രതിക്കെതിരെ മൊഴി നൽകാൻ ഇരയായ പെൺകുട്ടിയും കുട്ടിയുടെ അമ്മയും തയ്യാറായില്ലെങ്കിലും കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മാരായ ആർ.എസ്.വിജയ് മോഹൻ,കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് എന്നിവർ ഹാജരായി.