കുമളി: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ കമ്പം ട്രാഫിക് എസ്.ഐ. യായിരുന്ന ജയകുമാറിനെ (55) തേനി ജില്ലാ വനിതാ കോടതി ജീവപര്യന്തം ശിക്ഷിച്ചു. കമ്പംമെട്ട് കോളനി സ്വദേശി അമൃത കൊല്ലപ്പെട്ട കേസിലാണ് ജില്ലാ ജഡ്ജി എസ് ഗോപിനാഥ് ശിക്ഷ വിധിച്ചത്.2023 മാർച്ച് 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന അമൃതയുമായി ജയകുമാർ അടുപ്പത്തിലാവുകയും പിന്നീട് ജയകുമാർ അമൃതയുടെ വീട്ടിൽ നിത്യ സന്ദർശകനാവുകയുമായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കങ്ങളും വഴക്കും പതിവായി.കഴിഞ്ഞ മാർച്ചിൽ അമൃതയെവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയും സംശയം തോന്നി മകൾ റാണി കമ്പം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അന്വേഷണത്തിൽ അമൃതയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും ജയകുമാർ അറസ്റ്റിലാവുകയും ചെയ്തു.സംഭവ ദിവസം ജയകുമാർ അമൃതയുടെ വീട്ടിൽ എത്തിയിരുന്നതായും ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നതായും സാക്ഷി മൊഴികളിൽ കണ്ടെത്തി.
സംഭവത്തിനു ശേഷം ജയകുമാർ ബൈക്കിൽ കമ്പം ഭാഗത്തേക്ക് പോകുന്നതായും സാക്ഷി മൊഴികൾ ഉണ്ടായിരുന്നു. അമൃതയുടെ മരണം മർദ്ദനമേറ്റുണ്ടായതാണെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.