പള്ളിക്കത്തോട്: അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ വീടുകയറി ആക്രമിച്ചശേഷം ഒളിവിൽ പോയ യുവാക്കളെ ഗോവയിൽ നിന്നും പിടികൂടി. പുളിക്കൽകവല സ്വദേശികളായ വിവേക് (18), അനൂപ് (18), യദു (18), വാഴൂർ സ്വദേശികളായ സൂര്യ (അപ്പൂസ്- 20), അലക്‌സാണ്ടർ (അപ്പു-20), ജിതിൻ (അച്ചു-19) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മൂന്നിന് വാഴൂർ ചെല്ലിമറ്റത്താണ് സംഭവം. വാടകയ്ക്ക് കുടുംബമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന്റെ വീടിന്റെ കതക് തല്ലിപ്പൊളിച്ച് അകത്തുകയറി യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു. യുവാക്കളിൽ ഒരാളുടെ പിതാവിന്റെ ഓട്ടോറിക്ഷയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് കയറുകയും, ഓട്ടോക്കൂലി സംബന്ധിച്ച് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേതുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണം. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ വിവേക്, അനൂപ്, യദു എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. മറ്റു പ്രതികൾ അന്യസംസ്ഥാനത്തേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ ഇവരെ ഗോവയിൽ നിന്നും പിടികൂടി. എസ്.എച്ച്.ഒ കെ.ബി ഹരികൃഷ്ണൻ, എ.എസ്.ഐ റെജിജോൺ, സി.പി.ഒ മധു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ ബോസ്റ്റൺ സ്‌കൂളിലേക്ക് അയച്ചു.