കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തു. ബോർഡ് ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സൗജന്യ ഡയാലിസിസ് സെന്റർ നടത്താൻ വിനിയോഗിക്കുന്നതിനെതിരെ എറണാകുളം എരൂർ സ്വദേശി ശ്രീകുമാർ സമർപ്പിച്ച പരാതിയെ അടിസ്ഥാനമാക്കിയാണ് കേസ്. സംസ്ഥാന സർക്കാർ, കൊച്ചിൻ ദേവസ്വം ബോർഡ്, സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ. ദേവസ്വം കമ്മിഷണർ എന്നിവരാണ് എതിർകക്ഷികൾ. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

നിത്യനിദാനത്തിന് പോലും നിവൃത്തിയില്ലാത്ത നിരവധി ക്ഷേത്രങ്ങൾ നടത്താൻ വിഷമിക്കുന്ന ബോർഡ് പ്രതിമാസം ലക്ഷങ്ങൾ ചെലവിട്ട് മതിയായ സൗകര്യങ്ങൾ ഇല്ലാതെ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനെതിരെ ദേവസ്വത്തിനും ദേവസ്വം ഓംബുഡ്സ്മാനും നിരവധി പരാതികൾ ലഭിച്ചിരുന്നു.

ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേത്രേതരമായ ചെലവുകൾക്ക് വിനിയോഗിക്കാൻ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയുള്ള പരാതികളുമുണ്ട്.

കഴിഞ്ഞ ദേവസ്വം ബോർഡിന്റെ തീരുമാനമായിരുന്നു ഡയാലിസിസ് കേന്ദ്രം. തൃശൂർ ബോർഡ് ആസ്ഥാനത്തിന് സമീപമുള്ള ദേവസ്വം ക്വാർട്ടേഴ്സുകളിലെ പഴയ ജീർണാവസ്ഥയിൽ കിടക്കുന്ന കെട്ടിടങ്ങളിൽ ഒന്ന് 20 ലക്ഷത്തിലേറെ രൂപ മുടക്കി ഇതിനായി നവീകരിച്ചു. 20 ലക്ഷത്തിലേറെ തുക മുടക്കുന്ന പദ്ധതികൾക്ക് ഹൈക്കോടതിയുടെ അനുമതി വാങ്ങണമെന്ന ചട്ടവും പാലിച്ചിട്ടില്ല.

ലയൺസ് ക്ളബ്ബ് സംഭാവന ചെയ്തതാണ് രണ്ട് ഡയാലിസിസ് മെഷീനുകൾ. രണ്ടും ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു. സത്യസായി സേവാകേന്ദ്രത്തിനാണ് നടത്തിപ്പ് ചുമതല. ഇതിനായി മാസം തോറും പാരാമെഡിക്കൽ സ്റ്റാഫിന്റെ ശമ്പള ഇനത്തിൽ നിശ്ചിത തുക ഇവർക്ക് നൽകേണ്ടിവരും. ഇതുസംബന്ധിച്ച് ബോർഡും സത്യസായി സേവാസമിതിയും പ്രാഥമിക കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ദിവസം നാലുപേർക്കെങ്കിലും ഡയാലിസിസ് ചെയ്യാമെന്നാണ് പ്രതീക്ഷ. ഡോക്ടർ ആംബുലൻസ് സേവനമോ ഇല്ലാതെയാണ് കേന്ദ്രം തുടങ്ങുന്നതെന്ന് പരാതികളിൽ പറയുന്നു.