തൃശൂർ: വാഹന ഉടമകളെ മർദ്ദിക്കുകയും നിരന്തരം പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്ന പാലിയേക്കര ടോൾപ്ലാസയിലെ അന്യ സംസ്ഥാന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ടോറസ് ടിപ്പർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഷിജു കാലായിൽ, 70 വയസുള്ള അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് കുടുംബസമേതം സഞ്ചരിച്ച കാറിന്റെ മുന്നിൽ വീപ്പകൾ വലിച്ചെറിഞ്ഞ് തടസമുണ്ടാക്കി എട്ടോളം പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഷിജു തൃശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. സംഘടനാ പ്രവർത്തകർ പുതുക്കാട് പൊലീസിൽ ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ മോശമായി പെരുമാറുകയും പൊലീസ് പ്രതിയെ വെറുതെ വിടുകയുമായിരുന്നു. വിഷയത്തിൽ വധശ്രമത്തിന് കേസെടുക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്നും ഭാരവാഹികളായ ജോൺസൺ പടമാടൻ, എൽദോ വർഗീസ്, ബിബിൻ മണലോടി എന്നിവർ വ്യക്തമാക്കി.