തിരുവനന്തപുരം: ആധുനിക സമൂഹത്തിൽ ജയിലുകൾ കസ്റ്റഡി കേന്ദ്രങ്ങൾ മാത്രമല്ല, തെറ്റുതിരുത്തൽ പുനരധിവാസ കേന്ദ്രങ്ങൾ കൂടിയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ജയിൽ ക്ഷേമ ദിനാഘോഷ സമാപന സമ്മേളനം പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അന്തേവാസികളെ മാനസിക പരിവർത്തനത്തിലൂടെ ഉത്തമ പൗരരാക്കി സമൂഹത്തിൽ പുനരധിവസിപ്പിക്കുക, അന്തേവാസികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുക, മാനസികോല്ലാസം ഉറപ്പുവരുത്തുക എന്നത് പ്രധാന ലക്ഷ്യമാണ്. സർഗവാസനയുള്ള തടവുകാരുടെയുൾപ്പെടെയുളളവരുടെ മക്കളും ചെറുമക്കളുമടക്കമുള്ള വിദ്യാർത്ഥികളെ ചേർത്തു നിറുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ഡി. സത്യരാജ് സ്വാഗതം ആശംസിച്ചു. ചലച്ചിത്രതാരം അപ്പാനി ശരത്ത് സമ്മാനദാനം നിർവഹിച്ചു. ഡി.ഐ.ജി എം.കെ.വിനോദ് കുമാർ, ചീഫ് വെൽഫെയർ ഓഫീസർ ലക്ഷ്മി.കെ വി.എസ്. സുമന്ത് തുടങ്ങിയവർ പങ്കെടുത്തു.