
ചിത്രം
നേമം: പുല്ലുചെത്ത് തൊഴിലാളി ചതുപ്പിൽ മുങ്ങിമരിച്ചു. നേമം ഊക്കോട് വാറുവിളവീട്ടിൽ മോഹനന്റെ മകൻ രാജേഷ് (മനോജ്- 36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. ഊക്കോട് വേവിള ക്ഷേത്രത്തിനു സമീപം സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ പുല്ലുചെത്താനെത്തിയതായിരുന്നു രാജേഷ് ഉൾപ്പെട്ട അഞ്ചംഗസംഘം. വെള്ളംകയറിക്കിടന്ന ചതുപ്പുനിലമായിരുന്നു ഇവിടം. പുല്ലരിഞ്ഞുകൊണ്ടിരിക്കെ അബദ്ധത്തിൽ വെള്ളത്തിലേക്കു വീഴുകയായിരുന്നു. ആഴവും നിറയെ ചളിയും നിറഞ്ഞ ഈ ഭാഗത്തേക്ക് രാജേഷ് വീണതോടെ ഒപ്പമുണ്ടായിരുന്നവർ അലമുറയിട്ടു. നാട്ടുകാർ ഓടിക്കൂടി നേമം പൊലീസിലും വിഴിഞ്ഞം അഗ്നിരക്ഷാ സേനയിലും വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ അജയ് ടി.കെയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീം ആറുമണിക്കൂർ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. രാജേഷ് വെള്ളത്തിലേക്കു വീണ ഭാഗത്തിനു സമീപത്തുതന്നെയായിരുന്നു ജഡം. അവിവാഹിതനാണ്. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.