
കാഞ്ഞങ്ങാട്: നഗരത്തിലെ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൊബൈൽഫോൺ വ്യാപാരിയെ പോക്‌സോ കുറ്റം ചുമത്തി ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീശൻ അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കാസർകോട് സ്വദേശിയായ മൊബൈൽഫോൺ വ്യാപാരി തച്ചു എന്ന തസ്രീഫിനെയാണ് (20) പൊലീസ് അറസ്റ്റുചെയ്തത്. പടന്നക്കാട് സ്വദേശിനിയായ 15 വയസുകാരിയെ, ഇയാൾ കാറിൽ പയ്യന്നൂർ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി കാറിനകത്ത് വെച്ച് ശരീരഭാഗങ്ങളിൽ പിടിച്ചും മറ്റും മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. പെൺകുട്ടിയുടെ മാതാവാണ് സംഭവം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പെൺകുട്ടിയിൽ നിന്നും രഹസ്യമൊഴിയെടുത്ത ശേഷമാണ് തസ്രീഫിനെതിരെ പൊലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്.
അതിനിടെ കേസ് ഒതുക്കിതീർക്കാൻ പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകൻ പെൺകുട്ടിയുടെ ബന്ധുക്കളെ ഉൾപ്പെടെ സ്വാധീനിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഇതിന് വഴങ്ങിയില്ല.
ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂൾ സമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് ഉമ്മ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പതിവുസമയത്തുതന്നെ കുട്ടി സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോയതായി ക്ലാസ് ടീച്ചർ അറിയിച്ചു. ഇതോടെ മാതാവ് ഹോസ്ദുർഗ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും വീട്ടുകാരും പെൺകുട്ടിക്കായി വ്യാപകമായ അന്വേഷണം ആരംഭിച്ചതോടെ രാത്രി 9.15 ഓടെ പെൺകുട്ടിയെ വീടിന് സമീപം കാറിൽ ഇറക്കി തസ്രീഫ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രാത്രിതന്നെ പെൺകുട്ടിയെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. വനിതാപോലീസിന്റെ സാന്നിദ്ധ്യത്തിൽ മൊഴിയെടുത്തപ്പോൾ ഒരുമാസം മുമ്പാണ് തസ്രീഫുമായി സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ടതെന്നും ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് കാറിൽ കയറ്റികൊണ്ടുപോയതെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെയാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തതിന് തസ്രീഫിനെതിരെ കേസെടുത്തത്. നഗരങ്ങളിലെ മൊബൈൽഫോൺ വിൽപ്പന കേന്ദ്രങ്ങളിൽ മൊത്തമായി മൊബൈൽഫോൺ നൽകുന്ന വ്യാപാരിയാണ് തച്ചു എന്ന തസ്രീഫ്.