കാസർകോട്: ആദൂർ സി.എ നഗറിൽ ഒരേ ദിവസം രണ്ട് ബൈക്കുകൾ കവർച്ച ചെയ്ത കേസിൽ മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എടനീർ മുണ്ടോൾമൂലയിലെ നിതിൻ (18), പൊവ്വൽ മുജീബ് മൻസിലിലെ ഷെരീഫ് (19), പൊവ്വൽ ലക്ഷം വീട്ടിലെ അബ്ദുൾലത്തീഫ് (36) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരൊടൊപ്പം പിടിയിലായ മൂന്ന് കുട്ടികളെ ജുവനൈൽ ഹോമിലും ഹാജരാക്കി.
ആദൂർ സി.എ നഗറിലെ സുജിത്കുമാറിന്റെ കെ.എൽ 14 എൻ 4964 നമ്പർ യൂണികോൺ മോട്ടോർ ബൈക്കും ആദൂർ റഹ്മത്ത് നഗർ ബദ്രിയ മൻസിലിലെ ബി.എ സുഹൈലിന്റെ കെ.എൽ 60 എച്ച് 2469 യമഹ എക്സ് സെഡ് മോട്ടോർ ബൈക്കുമാണ് ജനുവരി ഏഴിന് രാത്രി കവർന്നത്.
നിതിനും മൂന്ന് കുട്ടികളും ചേർന്നാണ് ബൈക്കുകൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷെരീഫും അബ്ദുൾലത്തീഫും ഇവരിൽ നിന്ന് ബൈക്കുകൾ വാങ്ങുകയായിരുന്നു. രണ്ടുപേർക്കും പൊവ്വലിൽ ആക്രിക്കടയുണ്ട്. ഈ ആക്രിക്കടയിലാണ് ബൈക്കുകൾ വിൽപ്പന നടത്തിയത്. ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന ബൈക്ക് മോഷണങ്ങളുമായി അറസ്റ്റിലായവർക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ മുള്ളേരിയയിലെ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ ബൈക്ക് കവർന്നതും ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് കവർന്നതും നിതിന്റെ നേതൃത്വത്തിലാണെന്ന് പൊലീസിനോട് സമ്മതിച്ചതായി സൂചനയുണ്ട്. മോഷ്ടിച്ച ബൈക്കുകൾ വാങ്ങുന്നവരെന്ന നിലയിൽ ഷെരീഫിനെയും അബ്ദുൾലത്തീഫിനെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്തു. മോഷ്ടിച്ച ബൈക്ക് ആക്രിക്കടയിൽ എത്തിച്ച് പൊളിച്ച് പാർട്സുകളാക്കി വിൽക്കുകയാണ് സംഘം ചെയ്യുന്നത്. ഈ ബൈക്കുകളും കഷണങ്ങളാക്കിയ നിലയിലാണ് ആക്രിക്കടയിൽ കണ്ടെത്തിയത്.