
പോത്തൻകോട് : ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഏഴ് സർക്കാർ സ്‌കൂളുകളിലെ 92 ഹൈടെക് എ.സി ക്ലാസ് മുറികളുടെ ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സ്വാഗതം പറഞ്ഞു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ,ചെയർപേഴ്സൺമാരായ എസ്.എസ്.ശരണ്യ, ഷാജിതാ നാസർ,സുജാദേവി,കൗൺസിലർമാരായ ഡി.രമേശൻ,സ്റ്റാൻലി ഡിക്രൂസ്,ഡി.ആർ.അനിൽ,എൽ.എസ്.കവിത, ജിഷാ ജോൺ,എസ്.ശ്രീദേവി,ബി.നാജ,സ്‌മാർട്ട് സിറ്റി പ്രോജക്ട് സി.ഇ.ഒ രാഹുൽ കൃഷ്ണശർമ്മ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്,സ്കൂൾ പ്രിൻസിപ്പൽ ഐ.ബിന്ദു, എച്ച്.എം ഷീജ,പി.ടി.എ പ്രസിഡന്റ് ശ്യാംജിത്ത്, ആർ.ശ്രീകുമാർ,എസ്.പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
എം.എൽ.എ മുൻകൈയെടുത്ത് നഗരസഭയും സ്‌മാർട്ട് സിറ്റിയും ചേർന്നാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
9.88 കോടി ചെലവിൽ 92 ക്ലാസ് മുറികൾ അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ചു. 75 ഇഞ്ച് പ്രൊഫഷണൽ എൽ.ഇ.ഡി മോണിറ്റർ, ഒ.പി.എസ് കമ്പ്യൂട്ടർ, യു.പി.എസ്,എയർ കണ്ടീഷൻ ചെയ്‌ത ക്ലാസ്റൂം,മൈക്ക് വിത്ത് ഹെഡ്ഫോൺ, എക്‌സിക്യുട്ടിവ് കസേര, ബാഗ് ട്രേ,ടീച്ചേഴ്‌സ് ടേബിളും ചെയറും എന്നിവ ഉൾപ്പെടുന്നതാണ് ഓരോ ക്ലാസ് മുറികളും. അത്യാധുനിക കോർപ്പറേറ്റ് ഓഫീസ് മാതൃകയിലാണ് എ.സി റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്.