ksrtc

തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും വർഷങ്ങളായി എംപ്ലോയ്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരെ പരിഗണിക്കുന്നില്ല.
താത്കാലിക ജീവനക്കാരെ ഒഴിവാക്കി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ജോലി നൽകണമെന്ന നിർദ്ദേശം വകുപ്പ് മേധാവികൾ നൽകുമ്പോൾ കെ.എസ്‌.ആർ.ടി.സി മാത്രം ഇക്കാര്യം അറിയുന്നില്ല. ഗ്രാമപഞ്ചായത്തുകളിൽ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് എംപ്ലോയ്‌മെന്റിൽ നിന്നു സീനിയോറിറ്റി പരിഗണിച്ച് നിയമിക്കണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിട്ടത് ഒരാഴ്ച മുൻപാണ്. പഞ്ചായത്തുകളിലെ വിവിധ പ്രോജക്ടുകളിലും സ്ഥിരം തസ്തിക അനുവദിച്ചിട്ടില്ലാത്തവയിലും ഭരണസമിതി നേരിട്ട് നടത്തിയിരുന്ന താത്കാലിക നിയമനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ച അതേ ദിവസം തന്നെയാണ് കെ.എസ്.ആർ.ടി.സി യിൽ ഇതിന് കടകവിരുദ്ധമായ തീരുമാനം ഉണ്ടായത്.

കെ.എസ്.ആർ.ടി.സി എം.ഡി യുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഹെവി ഡ്രൈവിംഗ് ലൈസൻസും തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നു കണ്ടക്ടർ ലൈസൻസും നേടിയിരിക്കണമെന്നതാണ് യോഗ്യത. ഹെവി ലൈസൻസും കണ്ടക്ടർ ലൈസൻസും നേടിയ ആയിരങ്ങളാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. ഈ മാസം 26 ആണ് അപേക്ഷിക്കേണ്ട അവസാനതീയതി.

ഡ്രൈവർ കം കണ്ടക്ടർ
ഒരു വർഷം നിർബന്ധിത കരാർ
30,000 സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണം
8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ
(അധിക സമയ അലവൻസ് 130 രൂപ )
വനിതകൾക്കും അവസരം