തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായവിതരണം നടത്തി. റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലുള്ള 101 രോഗികൾക്കും ശ്രീചിത്രയിൽ ചികിത്സയിലുള്ള 51 രോഗികൾക്കുമാണ് സഹായധനം നൽകിയത്. മന്ത്രി വി.ശിവൻകുട്ടി സഹായവിതരണം ഉദ്ഘാടനം ചെയ്തു. ആർ.സി.സിയിലെ രോഗികൾക്ക് 15,15,000 രൂപയും ശ്രീചിത്രയിലെ രോഗികൾക്ക് 5,10,000 രൂപയുമാണ് നൽകിയത്. ആർ.സി.സി, ശ്രീചിത്ര എന്നിവയുടെ അധികൃതർ ജാതിമതഭേദമില്ലാതെ നിർദ്ദേശിച്ച രോഗികൾക്കാണ് സഹായം നൽകിയത്. ട്രസ്റ്റിന്റെ സാമ്പത്തിക വർഷത്തെ ബ‌ഡ്ജറ്റിൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ നീക്കിവച്ചിരുന്നു. കഴിഞ്ഞ ജൂലായിൽ ഒന്നാം ഘട്ടമായി 8,55,347 രൂപ വിദ്യാഭ്യാസ ധനസഹായമായി നൽകിയിരുന്നു. ട്രസ്റ്റിൽ നേരിട്ട് സഹായം ആവശ്യപ്പെട്ട് അപേക്ഷിച്ചവരിൽ അർഹരായവർക്ക് മാർച്ചിനു മുൻപ് സാമ്പത്തിക സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.
ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വി.ശോഭ, വാർഡംഗം ആർ.ഉണ്ണിക്കൃഷ്ണൻ, ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ.നായർ, ശ്രീചിത്രയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.ഈശ്വർ.എച്ച്.വി, ട്രസ്റ്റ് ഭാരവാഹികളായ എ.ഗീതാകുമാരി, പി.കെ.കൃഷ്ണൻനായർ, എ.എസ്.അനുമോദ്, കെ.ശരത്കുമാർ, സാമൂഹ്യക്ഷേമ സമിതി കൺവീനർ ജെ.രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.