തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രതിഷ്ഠാചടങ്ങിനെ ഹിന്ദുസമൂഹം വരവേൽക്കുമ്പോൾ കേരളത്തിലെ എം.എൽ.എമാർ ഉൾപ്പെടുന്ന രാഷ്ട്രീയസമൂഹം അതിൽ നിന്നു മാറി നിൽക്കരുതെന്ന് ഗോവ ഗവ‌ർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ഹിന്ദുധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ സമാപനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

. അയോദ്ധ്യയിലെ ചടങ്ങ് ദേശീയതയുടെ ഉയിർത്തെഴുന്നേൽപ്പാണ്. അതിനെ പിന്തുണയ്ക്കാത്തത് ദൗർഭാഗ്യകരമാണ്. കേരളം നെഗറ്റീവിസത്തിന്റെ പിടിയിലാണ്. ജനാധിപത്യത്തിന്റെ അടിത്തറ നന്നാകണമെങ്കിൽ പോസിറ്റീവിസം വരണം. ആത്മീയത സമൂഹത്തെ പോസിറ്റീവാക്കും. മാദ്ധ്യമങ്ങൾ പോസിറ്റീവ് വാർത്തകൾക്ക് പ്രാധാന്യം നൽകണം. ഭാരതത്തിന്റെ ദേശീയത ഉയർത്തി പിടിക്കുന്നതിൽ സ്വാമി വിവേകാനന്ദൻ മുഖ്യ പങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ജയശ്രീ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരനും കുരുക്ഷേത്ര കൺവീനറുമായ കാ ഭാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുധർമ്മപരിഷത്ത് ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ, പ്രസിഡന്റ് എം.ഗോപാൽ,

നിഷാന്ത് സുഗുണൻ,മാദ്ധ്യമപ്രവർത്തകൻ സാജൻ സ്കറിയ തുടങ്ങിയവർ പങ്കെടുത്തു.

ആർഷ ധർമ്മ പുരസ്കാരം റാണി മോഹൻദാസിന്

ഹിന്ദുധർമ്മ പരിഷത്തിന്റെ ആറാമത് ആർഷധർമ്മ പുരസ്കാരം മോഹൻദാസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ റാണി മോഹൻദാസ് പി.എസ്.ശ്രീധരൻപിള്ളയിൽ നിന്ന് ഏറ്റുവാങ്ങി. പൊതുപ്രവർത്തന രംഗത്തെ മികവാണ് പുരസ്കാരത്തിന് അർഹയാക്കിയത്. ഒരു സ്ത്രീയുടെ പരിമിതയിൽ നിന്നുകൊണ്ട് ഇത് നേടാനായത് കുടുംബം നൽകിയ പിന്തുണകൊണ്ടാണെന്ന് അവർ പറഞ്ഞു. സ്നേഹവും അനുകമ്പയുമാണ് കൈമുതലെന്നും അവർ കൂട്ടിച്ചേർത്തു. ശില്പി ഡോ.മുരുകേശൻ കന്യാകുമാരി, ആഴിമല ക്ഷേത്ര മേൽശാന്തി ജ്യോതിഷ്, കലാസാംസ്കാരിക പ്രവർത്തകൻ ശ്രീകുമാർ.ജി.മാവേലിക്കര, ഡോ.അനുപമ, സമ്മേളനത്തിന് തീം സോംഗ് തയാറാക്കിയ ആര്യനാട് സുഗതൻ, പാചക വിദഗ്ദ്ധൻ എ.ശ്രീകണ്ഠൻ നായർ, ഹിന്ദുധർമ്മ പരിഷത്ത് പ്രവർത്തകൻ അഖിൽ ശ്രീകുമാർ, എൻ.വിജയൻ എന്നിവരെയും ആദരിച്ചു.