uu

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ അണിയറ നീക്കം. ഡി.എം.കെയ്ക്കുള്ളിൽ തന്നെ നീക്കത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും ആരും പരസ്യ പ്രസ്താവനയുമായി മുന്നോട്ടു വന്നിട്ടില്ല.

അടുത്ത മാസം സ്റ്റാലിൻ വിദേശയാത്രയ്ക്കു പോകും. അപ്പോൾ ചുമതല ഉദയനിധിയെ ഏൽപ്പിക്കാനും പിന്നീട് ഉപമുഖ്യമന്ത്രിയാക്കാനുമാണ് നീക്കം. 21ന് സേലത്ത് വച്ച് നടക്കുന്ന ഡി.എം.കെ യുവജന സമ്മേളനത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാനും സാദ്ധ്യതയുണ്ട്. സമ്മേളനത്തിന്റെ ആവശ്യമായി ഇക്കാര്യം ഉയർന്നുവന്നേക്കാം.

2021ലാണ് ഉദയനിധി നിയമസഭയിൽ എത്തുന്നത്. ആദ്യം അദ്ദേഹത്തിന് മന്ത്രി സ്ഥാനം നൽകിയില്ലെങ്കിലും പിന്നീട് നൽകുകയായിരുന്നു.

ഇപ്പോൾ പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് ഉദയനിധിയുടെ പ്രതികരണം.ഇത്തരം വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടയിൽ ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത് അഭ്യൂഹമല്ല,​ സത്യമാണെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് കോവൈ സത്യൻ പറഞ്ഞു. ഇതുതന്നെയാണ് തങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതൽ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ആദ്യം അച്ഛൻ,​ പിന്നെ മകൻ. ഇനിയിപ്പോൾ പേര മകൻ പാർട്ടിയെ നയിക്കാൻ പോവുകയാണ്. ഡി.എം.കെയിൽ ജനാധിപത്യം ഇല്ലെന്നും എ.ഐ.എ.ഡി.എം.കെയിൽ മാത്രമാണ് താഴെ തട്ടിൽ നിന്നുള്ള പ്രവർത്തകർക്കും നേതൃസ്ഥാനത്ത് എത്താൻ കഴിയുയെന്നും അദ്ദേഹം പറഞ്ഞു.

ഉപമുഖ്യയാകുന്നതിൽ തെറ്റില്ല

വിഷയത്തിൽ വ്യക്തമായ അറിവുകൾ ഇല്ലെന്ന് ഡി.എം.കെയുടെ സംഘടനാ സെക്രട്ടറി ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു.

ഉദയനിധി ഉപ മുഖ്യമന്ത്രിയാകുന്നതിൽ യാതൊരു തെറ്റുമില്ല. അദ്ദേഹം വളരെ സജീവമായ ഒരു പാർട്ടി പ്രവർത്തകനാണ്. ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രി സ്റ്റാലിൻ ആണെന്നും അദ്ദേഹം പറഞ്ഞു.