
തിരുവനന്തപുരം: ചിലയിടത്ത് കത്താതെയും ചിലയിടത്ത് മിന്നിമിന്നിയും പ്രവർത്തിക്കുന്ന ട്രാഫിക്ക് സിഗ്നലുകൾ ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. പ്രധാനപ്പെട്ട ജംഗ്ഷനുകളിലെ അവസ്ഥ ഇങ്ങനെയായതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.
വെള്ളയമ്പലം,കവടിയാർ എന്നിവിടങ്ങളിൽ നിന്ന് പേരൂർക്കട,നെടുമങ്ങാട് ഭാഗത്തേക്കുള്ള സിഗ്നൽ ഉച്ചവരെ അണച്ചിടുന്നത് പതിവാണ്. വെള്ളയമ്പലം,പേരൂർക്കട,പട്ടം എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളാണ് കവടിയാർ ജംഗ്ഷനിൽ സംഗമിക്കുന്നത്. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പലയിടത്തും റോഡുപണികൾ നടക്കുന്നതിനാൽ സിഗ്നൽ വഴിയുള്ള ഗതാഗതനിയന്ത്രണം ബുദ്ധിമുട്ടാകുന്നുവെന്നാണ് ട്രാഫിക്ക് പൊലീസിന്റെ വാദം. അതിനാലാണ് ലൈറ്റുകൾ പലപ്പോഴും ഓഫ് ചെയ്‌തിടുന്നത്.
കാൽനടയാത്രക്കാർക്കുള്ള സിഗ്നലും കവടിയാറിൽ കത്തുന്നില്ല. വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാദ്ധ്യതയുമുണ്ട്. ഗതാഗതം ട്രാഫിക്ക് പൊലീസിനുപോലും നിയന്ത്രിക്കാനാകാത്തതോടെ സ്‌കൂൾ-ഓഫീസ് സമയങ്ങളിൽ നഗരം പൂർണമായും കുരുക്കിലാകും.
ജനങ്ങൾക്ക് ആശയക്കുഴപ്പം
ഓവർബ്രിഡ്ജ് ജംഗ്ഷൻ,എൽ.എം.എസ് ജംഗ്ഷൻ,പ്ലാമൂട്,സ്റ്റാച്യു,കേശവദാസപുരം,ഉള്ളൂർ,മെഡിക്കൽ കോളേജ്, കിഴക്കേകോട്ട എന്നിവിടങ്ങളിൽ ചില ലൈറ്റുകൾ പകുതി മാത്രം കത്തുന്നത് ജനങ്ങൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.
സിഗ്നലുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിലെ ഏകോപനമില്ലായ്‌മയാണ് പ്രശ്‌നമെന്നാണ് ആരോപണം. പി.എം.ജി ജംഗ്ഷനിൽ മെയിൻ റോഡിൽ നിന്ന് നന്ദൻകോട് ഭാഗത്തേക്ക് തിരിഞ്ഞ് പോകുന്നതിനും വികാസ് ഭവനിൽ നിന്ന് നന്ദൻകോട് ഭാഗത്തേക്ക് ക്രോസ് ചെയ്‌ത് പോകുന്നതിനുമുള്ള സിഗ്നലും കത്താറില്ല. മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസുകളും കുരുക്കിൽപ്പെടാറുണ്ട്. നാല് ഭാഗത്ത് നിന്നുമുള്ള വാഹനങ്ങളെത്തുന്ന ഓവർബ്രിഡ്ജ് ജംഗ്ഷനിലും പ്രശ്‌നമുണ്ട്. ഇതുപോലെ തമ്പാനൂരിൽ നിന്ന് ക്രോസ് ചെയ്‌ത് പാളയം ഭാഗത്തേക്ക് പോകുന്ന സിഗ്നലുകളും ചെറിയ രീതിയിലാണ് പ്രകാശിക്കുന്നത്.
ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ആധുനിക സിഗ്നൽ സംവിധാനം വരാത്തതാണ് പ്രശ്‌നം. സിഗ്നൽ നിർമ്മിക്കാൻ ഇതിനിടെ രണ്ടുവട്ടം റോഡ് വെട്ടിപ്പൊളിച്ച് കുഴിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല. പുതിയ സംവിധാനം വരുമെന്ന് പറഞ്ഞതിനാൽ പഴയ സിഗ്നലും അറ്റകുറ്റപ്പണി ചെയ്യുന്നില്ല. ലൈറ്റുകൾ സ്ഥാപിക്കുന്നതും നവീകരിക്കുന്നതും കെൽട്രോണായിരുന്നു. എന്നാൽ സ്‌മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സംവിധാനങ്ങളോടെ സിഗ്നൽ ലൈറ്റ് നവീകരിക്കുന്നതിനുള്ള ടെൻഡർ ലഭിച്ചത് ചെന്നൈയിലെ എം.എസ്.പി എന്ന കമ്പനിക്കാണ്. എന്നാൽ കരാറേറ്റെടുത്തിട്ടും ഇവർ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടില്ല.