strike

മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്സ് ബോർഡുകളെല്ലാം അടിച്ചു തകർത്തു

മുഖ്യമന്ത്രി നിഴലിനെ പേടിക്കുന്ന ഭീരുവെന്ന് വി.ടി.ബൽറാം

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ച് നടത്തി.പന്തംകൊളുത്തി പ്രകടനമായെത്തിയ പ്രവർത്തകർ വഴി നീളെ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഫള്ക്‌സ് ബോർഡുകളെല്ലാം അടിച്ചു കീറി.സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ദേവസ്വംബോർഡ് ജംഗ്ഷനും പരിസരവും കനത്തപൊലീസ് വലയത്തിലായിരുന്നു.എന്നാൽ പ്രവർത്തകർ സമാധാന പരമായി പിരിഞ്ഞുപോയി.ഇന്നലെ രാത്രി 9.15 നോടെ രാജഭവിന് എതിർവശത്തെ അക്കമ്മ ചെറിയാൻ സ്ക്വയറിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതിന്റെ സമീപത്ത് കണ്ട മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്‌സ് ബോർഡുകർ പ്രവർത്തകർ തകർത്തു. പന്തങ്ങൾ ബാരിക്കേഡിന് മുന്നിൽ കൂട്ടിയിട്ട് പ്രവർത്തകർ കത്തിച്ചു.തുടർന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. മുദ്രാവാക്യത്തെയും സ്വന്തം നിഴലിനെയും പേടിക്കുന്ന പേടി തൊണ്ടനാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന് മെഡിക്കൽ ആനുകൂല്യത്തിന്റെ പേരിൽ ജാമ്യം വേണ്ട.കോടതിയിൽ ഹാജരാക്കിയത് ഡിസ്ചാർജ് സമ്മറിയാണ്.വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന എം.വി.ഗോവിന്ദന്റെ പരമാർശം നിലവാരമുള്ള നേതാവിന് ചേർന്നതല്ലെന്നും ബൽറാം പറ‌ഞ്ഞു. അരമണിക്കൂറോളം നീണ്ട പ്രതിഷേധത്തിനുശേഷം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞുപോയി.സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേർ മാർച്ചിന്റെ ഭാഗമായി.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൽ വർക്കി,ജില്ലാ പ്രസിഡന്റ് നേമം ഷജീർ തുടങ്ങിയവർ നേതൃത്വം നൽകി.