
തിരുവനന്തപുരം: ''ക്ഷീര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യണം""... ഇന്നലെ ദൂരദർശൻ തത്സമയ പരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ച മൃഗസംരക്ഷകനായ ഡോ. അനി എസ്.ദാസിന്റെ അവസാന വാക്കുകളാണിത്. മൃഗസംരക്ഷണ വകുപ്പിൽ അസി. ഡയറക്ടറായിരുന്ന ഡോ. ഷാഹുൽ ഹമീദിനൊപ്പം 2024ലെ കാർഷിക മേഖലയുടെ പ്രതീക്ഷകളെക്കുറിച്ചു സംസാരിക്കുന്നതിനിടെയാണ് ഡോ. അനി എസ്.ദാസ് കുഴഞ്ഞു വീണതും മരിച്ചതും. പരിപാടിക്ക് മുമ്പ് സ്റ്റുഡിയോയിൽ വച്ച് അദ്ദേഹം ഏറെ നേരം കാർഷികമേഖല, മൃഗസംരക്ഷണം എന്നിവയെക്കുറിച്ച് തന്നോട് സംസാരിച്ചിരുന്നതായി ഡോ. ഷാഹുൽ ഹമീദ് പറഞ്ഞു.
കേരളത്തിലെ ഏറ്റവും മികച്ച മാനേജ്‌മെന്റ് വിദഗ്ദ്ധനും ഗവേഷകനും അഡ്മിനിസ്‌ട്രേറ്ററുമായിരുന്നു അനി എസ്.ദാസ്. കേരള ഫീഡ്സിന്റെ മാനേജിംഗ് ഡയറക്ടറായിരിക്കെ കാലിത്തീറ്റയുടെ ഉത്പാദനവും വില്പനയും ഉയർത്തിക്കൊണ്ടുവന്നു. ഉത്പാദനം പ്രതിദിനം 1,000 മെട്രിക് ടണ്ണിലെത്തിച്ചു. കോഴിക്കോട് തിരുവങ്ങൂർ, ഇടുക്കി എന്നിവിടങ്ങളിൽ പുതിയ പ്ലാന്റുകൾ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. കേരള ഫീഡ്സിനെ നേട്ടത്തിലെത്തിച്ചതിലൂടെ സർക്കാരിന്റെ ഇപൊക്യുർമെന്റ് അവാർഡിന് അർഹനായി.
കന്നുകാലി ഗവേഷണത്തിലെ വൈദഗ്ദ്ധ്യം കണക്കിലെടുത്ത് ഇടക്കാലത്ത് കന്നുകാലി വികസന ബോർഡിന്റെ മേധാവിയായി പ്രവർത്തിച്ചു. കുളത്തൂപ്പുഴ, മാട്ടുപ്പെട്ടി, കോലാഹലമേട് എന്നിവിടങ്ങളിൽ ഹൈടെക് കന്നുകാലി ഫാമുകൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാട്ടുപ്പെട്ടി കേന്ദ്രത്തെ എ ഗ്രേഡ് കന്നുകാലി ബീജ ഉത്പാദന കേന്ദ്രമാക്കി മാറ്റി ദേശീയ ശ്രദ്ധ നേടി. മീറ്റ് പ്രൊഡക്ട് ഒഫ് ഇന്ത്യയെയും അദ്ദേഹം ലാഭത്തിന്റെ പാതയിലാക്കി. പാരീസിൽ നടന്ന മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ഒ.ഇ.ഐ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കണോമിക് സ്റ്റഡീസിന്റെ ഗ്ലോറി ഒഫ് ഇന്ത്യ അവാർഡ്, ഉദ്യോഗ് രത്തൻ അവാർഡ് എന്നിവ നേടി. 2009ലെ രാജീവ് ഗാന്ധി ശിരോമണി അവാർഡ്, 2012ലെ ഇന്ദിര പ്രിയദർശിനി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ബയോ റിസോഴ്സ് ആൻഡ് അഗ്രികൾച്ചറൽ റിസർച്ച് സെന്റർ സി.ഇ.ഒയുമാണ്. അമ്പതിലധികം ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.