ss

അബ്രഹാം ഓസ്‌‌ലർ സിനിമയിൽ അലക്‌സാണ്ടർ എന്ന വില്ലൻ ടച്ച് കഥാപാത്രമായി എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മമ്മൂട്ടി ഇനി വരുന്നത് പേടിപ്പെടുത്താൻ. ഹൊറർ ചിത്രമായ ഭ്രമയുഗം ആണ് മമ്മൂട്ടിയുടെ അടുത്ത മലയാളം റിലീസ്. വെറും ഹൊറർ ചിത്രമല്ല ഭ്രമയുഗം എന്ന് ടീസർ ഉറപ്പിക്കുന്നു. അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് പ്രതിനായകനായാണ്. ബ്ളാക്ക് ആൻഡ് വൈറ്റിൽ ആണ് ഭ്രമയുഗം എത്തുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു മനയുടെ പശ്ചാത്തലത്തിലാണ് ഭ്രമയുഗത്തിന്റെ സഞ്ചാരം. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭൂതകാലത്തിനുശേം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 15ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗമായ യാത്ര 2 ഫെബ്രുവരി 8ന് റിലീസ് ചെയ്യും. തമിഴ് നടൻ ജീവയാണ് നായകൻ. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ. എസ്. രാജശേഖരറെഡ്ഡിയായാണ് യാത്രയിൽ മമ്മൂട്ടി എത്തിയത്. രണ്ടാം ഭാഗത്തിൽ വൈ.എസ്. രാജശേഖരറെഡ്ഡിയുടെ മകൻ വൈ.എസ്. ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്. ജീവയാണ് ജഗൻ റെഡ്ഡിയെ അവതരി പ്പിക്കുന്നത്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ടർബോ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ് . അടുത്ത മാസം ടർബോ പാക്കപ്പ് ആവും.മേയ് റിലീസായാണ് ഒരുങ്ങുന്നത്.